പാക്കിസ്ഥാന്‍ വീണ്ടുമൊരു 'വിഭജന' മുനമ്പിലെന്ന് റിപ്പോര്‍ട്ടുകള്‍. 1971 ലാണ് നേരത്തെ പാക്കിസ്ഥാന്‍ വിഭജിക്കപ്പെട്ടത്. ഇതോടെ കിഴക്കന്‍ പ്രവിശ്യ വേര്‍പെടുകയും ബംഗ്ലദേശ് രൂപീകൃതമാകുകയും ചെയ്തു. ഇക്കുറി പക്ഷേ മറ്റൊരു വിഭജനത്തിനാണ് പാക്കിസ്ഥാനില്‍ കളമൊരുങ്ങുന്നത്. ഭരണ സൗകര്യത്തിനായി പാക്കിസ്ഥാനില്‍ പുതിയ പ്രവിശ്യകള്‍ രൂപീകരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പാക് മന്ത്രി അബ്ദുല്‍ അലീം ഖാനാണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയത്. ഭരണനിര്‍വഹണം സുഗമമാക്കുന്നതിനും ജനങ്ങളിലേക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ തടസമില്ലാതെ എത്തിക്കുന്നതിനായുമാണ് നടപടിയെന്നും അബ്ദുള്‍ ആലിം പറഞ്ഞതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, കൂടുതല്‍ പ്രവിശ്യകളായി പാക്കിസ്ഥാനെ വിഭജിക്കാനുള്ള നീക്കം ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

കൂടുതല്‍ പ്രവശ്യകള്‍ രൂപീകരിക്കണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.1947 ല്‍ പാക്കിസ്ഥാന്‍ രൂപീകൃതമായപ്പോള്‍ ഈസ്റ്റ് ബെംഗാള്‍, വെസ്റ്റ് പഞ്ചാബ്, സിന്ധ്, നോര്‍ത്ത്–വെസ്റ്റ് ഫ്രോണ്ടിയര്‍,  ബലൂചിസ്ഥാന്‍ എന്നിങ്ങനെ അഞ്ച് പ്രവിശ്യകളാണ് ഉണ്ടായിരുന്നത്. ഇതില്‍  1971ലെ ലിബറേഷന്‍ യുദ്ധത്തോടെ ഈസ്റ്റ് ബംഗാള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബംഗ്ലദേശായി മാറി.  വെസ്റ്റ് പഞ്ചാബ് പഞ്ചാബെന്നും നോര്‍ത്ത് വെസ്റ്റ് ഫ്രോണ്ടിയര്‍ പ്രോവിന്‍സ് ഖൈബര്‍ പക്തൂണ്‍ഖ്വയായും  പേരുമാറി. സിന്ധും ബലൂചിസ്ഥാനും പഴയതുപോലെ തുടര്‍ന്നു. 

ബലൂചിസ്ഥാനിലും ഖൈബര്‍ പക്തൂണ്‍ഖ്വായിലും കടുത്ത പ്രതിഷേധവും സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കണമെന്നുള്ള മുറവിളിയും ഉയര്‍ന്നിരിക്കുന്നതിനിടെയാണ് പ്രവിശ്യകള്‍ വിഭജിക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കം. നിലവിലെ അഞ്ച് പ്രവിശ്യകളെ വിഭജിച്ച് മൂന്ന് പ്രവിശ്യകള്‍ കൂടി രൂപീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. 

ENGLISH SUMMARY:

Pakistan is reportedly moving towards a second 'division' since 1971 (when East Pakistan became Bangladesh), with government plans to carve out new provinces for better governance and service delivery, as hinted by minister Abdul Aleem Khan. Currently consisting of five provinces, the government aims to create three additional provinces. However, experts warn that this move may cause more harm than good. The development comes amidst ongoing severe unrest and demands for autonomy in existing regions like Balochistan and Khyber Pakhtunkhwa, fueling concerns that administrative restructuring might exacerbate the volatile situation.