യുഎസിലെ മിഷിഗണിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിലാണ് വെടിവയ്പ്പുണ്ടായത്. അക്രമി ആദ്യം തന്റെ വാഹനം പള്ളിയിലേക്ക് ഇടിച്ചുകയറ്റുകയും പിന്നാലെ അസോൾട്ട് റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് പാര്‍ക്കിങ് സ്ഥലത്ത് വച്ച് വധിച്ചതായി പൊലീസ് അറിയിച്ചു.

ആക്രമണം നടക്കുമ്പോള്‍ നൂറുകണക്കിന് വിശ്വാസികളാണ് പള്ളിയിലുണ്ടായിരുന്നത്. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നുമാണ് റിപ്പോര്‍ട്ട്. 40 കാരനായ തോമസ് ജേക്കബ് സാൻഫോർഡ് ആണ് ആക്രമണം നടത്തിയത്. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ‌‌ഇയാള്‍ എത്തിയ ട്രക്കിന്‍റെ പിന്നില്‍ രണ്ട് യുഎസ് പതാകകളുണ്ടായിരുന്നു. എഫ്ബിഐ ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

ആക്രമണത്തിൽ പള്ളിക്ക് തീപിടിച്ചതായും റിപ്പോർട്ടുണ്ട്. പള്ളിയുടെ കെട്ടിടത്തിന്‍റെ ഭൂരിഭാഗവം തകര്‍ന്ന നിലയിലുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വെടിവച്ച അക്രമി തന്നെയാണ് പള്ളി തീയിട്ട് നശിപ്പിച്ചതെന്നാണ് സൂചന. അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. ആക്രമണത്തെ ‘ഭയാനകം’ എന്നുവിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അമേരിക്കൻ ഐക്യനാടുകളിലെ ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ള ആക്രമണമാണിതെന്നും പ്രതികരിച്ചു. മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മറും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.

യൂട്ടാ സര്‍വ്വകലാശാലയില്‍ ചാർളി കിർക്ക് കൊല്ലപ്പെട്ട സംഭവത്തിനും ടെക്സസിലെ ഫെഡറൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് കേന്ദ്രത്തിൽ നടന്ന വെടിവയ്പ്പിനും ശേഷം യുഎസിനെ ഞെട്ടിച്ച വെടിവയ്പ്പാണ് മിഷിഗണിലേത്. മിനസോട്ടയിലെ കത്തോലിക്കാ പള്ളിയിലും സ്കൂളിലും നടന്ന വെടിവയ്പ്പിന് ഒരു മാസത്തിന് ശേഷമാണ് മിഷിഗണിലെ പള്ളിയിലെ വെടിവയ്പ്പ്. മിനസോട്ടയിലെ ആക്രമണത്തില്‍ കുർബാനയിൽ പങ്കെടുത്തുകൊണ്ടിരുന്ന രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

A deadly mass shooting shocked Michigan after an armed attacker stormed The Church of Jesus Christ of Latter-day Saints in Grand Blanc. The assailant, identified as 40-year-old Thomas Jacob Sanford, rammed his vehicle into the church before opening fire with an assault rifle, killing four people and injuring eight others, one critically. Police later shot him dead in the parking lot. Reports indicate the attacker also set the church on fire, leaving much of the building destroyed before firefighters brought the blaze under control. The FBI has taken charge of the investigation. US President Donald Trump condemned the attack as a targeted assault on Christians, while Michigan Governor Gretchen Whitmer expressed grief. This tragedy follows recent violent incidents at religious institutions and federal centers across the US, raising alarm over escalating attacks.