Image credit: Facebook/neilanand

ലഹരി ഉപയോഗത്തിനായി വേദനാസംഹാരികള്‍ വിതരണം ചെയ്യുകയും സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് യുഎസില്‍ 14 വര്‍ഷം തടവുശിക്ഷ. 9/11 ഭീകരാക്രമണത്തില്‍ പരുക്കേറ്റവരെയടക്കം ചികില്‍സിച്ച് പ്രശസ്തനായ നീല്‍ കെ.ആനന്ദി (48)നെയാണ് ഡിപാര്‍ട്മെന്‍റ് ഓഫ് ജസ്റ്റിസ് ശിക്ഷിച്ചത്. സഹാനുഭൂതിയുടെ പുറത്താണ് താന്‍ വേദനാസംഹാരികള്‍ വിതരണം ചെയ്തതെന്ന് ഡോക്ടര്‍ വാദിച്ചുവെങ്കിലും ഇത് വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. 

തന്‍റെ ഒന്‍പത് രോഗികള്‍ക്കായി 20,000 ഓക്സികോഡോണ്‍ ഗുളികകളാണ് ആനന്ദ് കുറിച്ച് കൊടുത്തത്. ഒന്‍പത് പേര്‍ക്ക് ഇത്രയും ഗുളികകള്‍ എന്തിനെന്ന ചോദ്യമാണ് ആനന്ദിനെ കുടുക്കിയത്. അന്വേഷണം ആരംഭിച്ചതിന് ശേഷം തന്‍റെ അക്കൗണ്ടിലുണ്ടായിരുന്ന 12 ലക്ഷത്തിലേറെ ഡോളര്‍ കുടുംബ സുഹൃത്തിന്‍റെ അക്കൗണ്ടിലേക്ക് മാറ്റാനും ആനന്ദ് ശ്രമിച്ചു. തിടുക്കപ്പെട്ട് മാറ്റാന്‍ ശ്രമിച്ച ഈ പണം അനധികൃതമായി വേദനാസംഹാരി മറിച്ചു വിറ്റതിലൂടെ സമ്പാദിച്ചതാണെന്നും തെളിഞ്ഞു. ആനന്ദ് വിറ്റഴിച്ച ഗുളികകള്‍ ലഹരി മാഫിയയുടെ കയ്യിലാണ് എത്തിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

14 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് പുറമെ ഏകദേശം 20 ലക്ഷം ഡോളറും ആനന്ദ് നഷ്ടപരിഹാരമായി ഒടുക്കണം. നേരത്തെ അന്വേഷണ സംഘം കണ്ടുകെട്ടിയ രണ്ട് മില്യണ്‍ ഡോളറിന് പുറമെയാണിത്. നഷ്ടപരിഹാരത്തുക ഇരകള്‍ക്ക് നല്‍കാനാണ് കോടതി വിധി. ഈ കേസില്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതികളായ മെഡികെയറിനെയും സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളെയുമാണ് കബളിപ്പിച്ചതെന്നതിനാല്‍ ക്രിമിനല്‍ ഇടപാടിലൂടെയുണ്ടാക്കിയ സ്വത്തുവകയത്രയും സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. 

ഏപ്രിലിലാണ് ഡോക്ടര്‍ ആനന്ദ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ആരോഗ്യരംഗത്ത് വന്‍ തട്ടിപ്പ് നടത്താന്‍ ഗൂഢാലോചന, നിയമ വിരുദ്ധമായുള്ള മരുന്ന് കച്ചവടം, സാമ്പത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങളും ചുമത്തി. എന്നാല്‍ താന്‍  ജീവിതമേ രോഗികള്‍ക്കായി സമര്‍പ്പിച്ചവനാണെന്നും 9/11 ആക്രമണ സമയത്ത് ന്യൂയോര്‍ക്ക് നഗരത്തില്‍ സേവനം ചെയ്തുവെന്നും പിന്നീട് യുഎസ് നേവിയില്‍ സേവനം ചെയ്തുവെന്നുമെല്ലാം ആനന്ദ് വാദിച്ചു. തന്‍റെ രോഗികള്‍ വേദനയില്ലാതെ സമാധാനമായി ഉറങ്ങാന്‍ ദയ തോന്നി നല്‍കിയ മരുന്നുകളാണ് പിന്നീട് ക്രമക്കേടായി വ്യാഖ്യാനിക്കപ്പെട്ടതെന്നും താന്‍ നിരപരാധിയാണെന്നും ആനന്ദ് പറയുന്നു. സഹിക്കാന്‍ പറ്റാത്ത വേദന കൊണ്ട് പുളയന്നൊരാള്‍ക്ക് ആശ്വാസം പകരുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും ആനന്ദ് വാദിക്കുന്നു. എന്നാല്‍ ആനന്ദിന്‍റെ വാക്കുകളില്‍ സത്യമില്ലെന്നും അത്യാര്‍ത്തിയും മരുന്നിലൂടെ അനധികൃതമായി എത്തുന്ന പണവുമാണ് ക്രമക്കേടിന് ആനന്ദിനെ പ്രേരിപ്പിച്ചതെന്നും  രോഗികളുടെ വേദന ആനന്ദ് സ്വന്തം സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചുവെന്നും ജഡ്ജി പറഞ്ഞു. 

എന്താണ് ഓക്സികോഡോണ്‍? 

മറ്റു വേദനാസംഹാരികളൊന്നും ഫലിക്കാതെ വരുമ്പോള്‍ മാത്രം നല്‍കുന്ന ഗുളികയാണ് ഓക്സികോഡോണ്‍. ഇതില്‍ മിതമായ അളവില്‍ കറുപ്പ് (ലഹരി) അടങ്ങിയിട്ടുണ്ട്. വേദനയോടുള്ള കേന്ദ്ര നാഡീവ്യൂഹത്തിന്‍റെ പ്രതികരണം വഴി തിരിച്ച് വിടുകയാണ് ഓക്സികോഡോണ്‍ ചെയ്യുന്നത്. വേദന മാറാന്‍ ഏറ്റവും ഫലപ്രദമാണെങ്കിലും നിരന്തരമായ ഉപയോഗം ഗുളികയോട് ആശ്രിതത്വം ഉണ്ടാക്കുകയും ക്രമേണെ ദുരുപയോഗത്തിലേക്ക് എത്തിക്കുകയും ചെയ്യും. ലഹരിയായും ഓക്സികോഡോണ്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനെ ഷെഡ്യൂള്‍ II വിഭാഗത്തിലാണ് യുഎസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ENGLISH SUMMARY:

US Doctor Sentenced: An Indian-origin doctor in the US has been sentenced to 14 years in prison for distributing painkillers for drug abuse and committing financial fraud. The doctor's actions were driven by greed, exploiting patients' pain for financial gain, and were not the acts of compassion he claimed.