കൂടെ വന്നു താമസിക്കാന്‍ സഹപ്രവര്‍ത്തകയ്ക്ക് 3 മില്യണ്‍ ഡോളര്‍ ( 27,50,47,650.00രൂപ) വാഗ്ദാനം ചെയ്ത് യുഎസിലെ റിയല്‍ എസ്റ്റേറ്റ് സിഇഒ. ഭര്‍ത്താവിനെ ഉപേക്ഷിച്ചു വന്നാല്‍ കമ്പനിയുടെ ഓഹരികളില്‍ നിന്നും വലിയൊരു പങ്ക് നല്‍കാമെന്നാണ് യുവതിക്ക് നല്‍കിയ വാഗ്ദാനം. യുവതിയു‌ടെ ഭര്‍ത്താവ് ആണ് പരാതി നല്‍കിയത്.

 

വിവാഹിതനും റിയല്‍ ബ്രോക്കറേജ് സിഇഒയുമായ താമിര്‍ പോലഗ് ആണ് വിവാഹിതയും സഹപ്രവര്‍ത്തകയുമായ പേജ് സ്റ്റേക്ക്ലിങ്ങിന് അത്യപൂര്‍വമായ വാഗ്ദാനം നടത്തിയിരിക്കുന്നത്. ഈ തുകയ്ക്കു പുറമേ അത്യാഢംബര ജീവിതം, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, ആഢംബര യാത്രകള്‍ എന്നിവയും വാഗ്ദാനപ്പട്ടികയിലുണ്ടെന്ന് ഭര്‍ത്താവ് മൈക്കിള്‍ സ്റ്റേക്ക്ലിങ് പരാതിയില്‍ പറയുന്നു. തന്‍റെ ഭാര്യയെ വശീകരിക്കാന്‍ സിഇഒ നടത്തിയ ശ്രമങ്ങള്‍ തന്‍റെ ജീവിതം തന്നെ തകര്‍ത്തുവെന്നും പരാതിയില്‍ പറയുന്നതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് എന്‍ഡിടിവി വേള്‍ഡ് വ്യക്തമാക്കുന്നു.

 

എന്നാല്‍ തന്‍റെ വിവാഹമോചനം വ്യക്തിപരമായ കാരണങ്ങളാലാണെന്നും പരാതിയില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ സത്യമല്ലെന്നുമാണ് പേജ് വ്യക്തമാക്കുന്നത്. നിയമനടപടിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും പേജ് പറയുന്നു. സിഇഒ തന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുംവരെ വിവാഹമോചന സാധ്യതകളൊന്നും ഉണ്ടായിരുന്നില്ലെന്നും പേജിന്റെ ഭര്‍ത്താവ് മൈക്കിൾ സ്റ്റേക്ക്ലിങ് ആരോപിക്കുന്നു.

 

2025 ജനുവരിയിൽ പോലഗ് 1.5 മില്യണ്‍ ഡോളർ വില വരുന്ന ഉട്ടായിലെ പാർക്ക് സിറ്റിയിലെ ഒരു വീട് വാഗ്ദാനം ചെയ്തതായും, ഭർത്താവിനെ ഉപേക്ഷിച്ചാല്‍ എല്ലാ കാര്യങ്ങളും നോക്കിക്കോളാമെന്നേറ്റതായും പറയുന്നു. പേജ് സ്റ്റേക്ക്ലിങ് 2025 ഫെബ്രുവരിയിൽ ആണ് വിവാഹമോചനത്തിനു അപേക്ഷിച്ചതെന്നും പരാതിയിലുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഇമെയില്‍ ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇമെയില്‍ സത്യമാണെങ്കിലും അത് താന്‍ ആവശ്യപ്പെട്ട സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും പേജ് ഉറപ്പിക്കുന്നു.

 
ENGLISH SUMMARY:

A real estate CEO's offer of $3 million to a colleague to leave her husband has sparked a scandal. This unprecedented offer, which also included luxury lifestyle perks and company shares, has led to a legal complaint filed by the husband, claiming his marriage was destroyed by the CEO's attempts to lure his wife.