Image: Reuters

ഇറാനുമായുള്ള യുദ്ധത്തിനിടയില്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍വച്ച് അമേരിക്കയുടെ അത്യാധുനികവും വിലയേറിയതുമായ നിരീക്ഷണ ഡ്രോണ്‍ എംക്യു–4സി ട്രൈറ്റണ്‍ തകര്‍ന്നെന്ന് റിപ്പോര്‍ട്ട്. രണ്ട് എഫ് 35 യുദ്ധവിമാനങ്ങളേക്കാള്‍ വിലയേറിയ ഡ്രോണാണ് അമേരിക്കയ്ക്കു നഷ്ടമായത്. ഏകദേശം 200–240 ദശലക്ഷം ഡോളറാണ് നിര്‍മാണ ചിലവ്. 

ഏപ്രില്‍ 9ന് ഹോര്‍മുസ് മേഖലയില്‍വച്ചാണ് ട്രൈറ്റണ്‍ കാണാതായത്. ഈ മേഖലയില്‍വച്ചൊരു അടിയന്തര സിഗ്നല്‍ അയച്ചതിനു പിന്നാലെയാണ് ഡ്രോണ്‍ നഷ്ടമായിരിക്കുന്നത്. ഡ്രോണ്‍ ഹോര്‍മുസ് മേഖലയില്‍വച്ച് തകര്‍ന്നതായി അമേരിക്കന്‍ നേവല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. ഉയര്‍ന്ന ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ള തന്ത്രപ്രധാന ഡ്രോണാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. യുദ്ധവുമായി ബന്ധപ്പെട്ട്  2.5 മില്യണ്‍ ഡോളറിനു മുകളില്‍ വരുന്ന നാശനഷ്ടങ്ങളെ അമേരിക്ക ‘ക്ലാസ് എ മിഷാപ്’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. ട്രൈറ്റണ്‍ന്റെ നഷ്ടവും സമാന വിഭാഗത്തിലേക്കാണ് അമേരിക്ക ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

MQ-4C ഡ്രോൺ ഇറാനിയന്‍ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടതാണെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാല്‍ ഡ്രോണ്‍ തകര്‍ന്നുവീണതാണെന്നാണ് ഇന്നലെ യുഎസ് നേവി കമാന്‍ഡ് അറിയിച്ചത്. ഡ്രോണ്‍ തകര്‍ന്നുവെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലായെന്നും മാത്രമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ യുഎസ് തയാറായിട്ടില്ല. 

അമേരിക്കന്‍ നേവിയുടെ അത്യാധുനിക ഡ്രോണാണ് MQ-4C ട്രൈറ്റൺ. ദീർഘദൂര ദൗത്യങ്ങളും സമുദ്ര നിരീക്ഷണവും ലക്ഷ്യമിട്ട് നിര്‍മിച്ചവയാണിവ. കപ്പൽ പാതകൾ നിരീക്ഷിക്കുന്നതിലും സൈനിക നീക്കങ്ങൾ ട്രാക്ക് ചെയ്യുന്നതിലും നിർണായക പങ്കുവഹിക്കുന്നു. 2019ലും അമേരിക്കയ്ക്ക് സമാനമായ നഷ്ടം നേരിട്ടിരുന്നു. RQ-4A ഗ്ലോബൽ ഹോക്ക് ഡ്രോൺ അന്ന് ഇറാൻ വെടിവെച്ചിട്ടത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകാനും ഇടയാക്കിയിരുന്നു. 

ഇതുവരെ ഇറാനുമായുള്ള യുദ്ധത്തില്‍ 720 മില്യൺ ഡോളറിന്റെ ഡ്രോണുകൾ അമേരിക്കയ്ക്ക് നഷ്ടമായി. ട്രൈറ്റണ്‍ കൂടി തകര്‍ന്നുവീണതോടെ കടുത്ത തോതിലുള്ള നഷ്ടമാണ് അമേരിക്കയ്ക്ക് സംഭവിച്ചിരിക്കുന്നത്.  

US Drone Lost in Persian Gulf Amid Iran Tensions:

US drone downed in the Persian Gulf, specifically the advanced MQ-4C Triton, is a significant loss due to its high cost and strategic importance. The incident occurred in the Strait of Hormuz, leading to an undisclosed amount of damage and escalating tensions between the US and Iran.