jaishankar

യു.എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ നടത്തിയ ചർച്ചയിൽ H1B വീസ പ്രശ്നം ചർച്ചയായെന്ന് സൂചന. ഉഭയകക്ഷി പ്രശ്നങ്ങളും രാജ്യാന്തര വിഷയങ്ങളും ചർച്ചയായെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ജയശങ്കർ പറഞ്ഞു. ഇരു രാജ്യങ്ങൾക്കും പ്രാധാന്യമുള്ള വിഷയങ്ങളിൽ ചർച്ച തുടരാനും ധാരണയായി. യു.എസ് തീരുവയും ചർച്ചയിൽ ഉയർന്നു എന്ന് സൂചന. തീരുവ 50 ശതമാനം ഉയർത്തിയ ശേഷം ജയശങ്കറും റൂബിയോയും ആദ്യമായാണ് കാണുന്നത്. യു.എൻ ജനറൽ അസംബ്ലിക്കിടെ ആയിരുന്നു കൂടിക്കാഴ്ച. 

അതിനിടെ ഡോക്ടർമാർക്ക് H1B വിസ ഫീസിൽ ഇളവു നൽകുമെന്ന് യു.എസ് അധികൃതർ സൂചന നൽകി. രാജ്യത്ത് ഡോക്ടർമാരുടെ എണ്ണത്തിൽ കാര്യമായ കുറവുള്ള സാഹചര്യത്തിലാണ് നീക്കം. പുതിയ എച്ച് 1 ബി വിസയ്ക്കായി നല്‍കുന്ന അപേക്ഷകള്‍ക്കാണ് ഒരുലക്ഷം ഡോളര്‍ ബാധകമാക്കിയത്. നേരത്തെ ലഭിച്ച അപേക്ഷകളിന്‍മേല്‍ വിസ അനുവദിക്കുമ്പോള്‍ പഴയനിരക്കുതന്നെ ഈടാക്കും. ഒരുലക്ഷം ഡോളര്‍ എന്നത് വാര്‍ഷിക ഫീസ് അല്ല, ഒറ്റത്തവണ നല്‍കേണ്ട തുകയാണ്.

സാധാരണയായി വിദ്യാർഥി വീസയിൽ അമേരിക്കയിലെത്തുന്ന ഇന്ത്യക്കാർ പിന്നീട് എച്ച് വണ്‍ ബി വർക്ക് വീസയിലേക്കും അതുവഴി ഗ്രീൻ കാർഡിലേക്കും അവിടെനിന്ന് അമേരിക്കൻ പൗരത്വത്തിലേക്കും നീങ്ങാറാണ് പതിവ്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അനുസരിച്ച്, 2023ൽ ഇഷ്യൂ ചെയ്ത 380,000 എച്ച് വണ്‍ ബി വിസകളിൽ 72 ശതമാനവും ലഭിച്ചത് ഇന്ത്യക്കാർക്കാണ്. അവരിൽ ഭൂരിഭാഗവും ഡേറ്റാ സയൻസ്, എഐ, മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ സ്റ്റെം വിഷയങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ഈ പ്രഫഷണലുകൾക്ക് പ്രതിവർഷം ശരാശരി 118,000 ഡോളർ (ഏകദേശം 1.01 കോടി രൂപ) ശമ്പളം ലഭിക്കുന്നുണ്ട്. 

എച്ച് വണ്‍ ബീ വീസ അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ക്കും അവര്‍ക്ക് ലഭിക്കേണ്ട വേതനത്തിനും തുരങ്കം വയ്ക്കുന്നുവെന്ന് ‘മാഗാ’ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) അനുകൂലികള്‍ കാലങ്ങളായി അവകാശപ്പെടുന്നുണ്ട്. എച്ച് വണ്‍ ബീ വീസയിൽ മാറ്റം വരുത്തണം, ഇന്ത്യാക്കാരും ചൈനക്കാരും ഇവിടേക്ക് വരരുത് എന്നാണ് ഇവരുടെ ആവശ്യം.

ENGLISH SUMMARY:

H1B Visa discussions were held between S Jaishankar and Marco Rubio. The bilateral issues and international matters were discussed, and they agreed to continue discussions on issues of importance to both countries.