Image Credit: x/amjedmbt
തെലങ്കാന സ്വദേശിയായ മുപ്പതുകാരനെ യുഎസ് പൊലീസ് വെടിവച്ച് കൊന്നു. കലിഫോര്‍ണിയയിലാണ് സംഭവം. സോഫ്റ്റുവെയര്‍ പ്രഫഷനലായ മുഹമ്മദ് നിസാമുദ്ദീനാണ് കൊല്ലപ്പെട്ടത്. എസി ഇടുന്നതിനെ ചൊല്ലി റൂം മേറ്റുമായി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് പൊലീസ് വെടിയുതിര്‍ത്തതെന്നാണ് കുടുംബം പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും നിസാമുദ്ദീന്‍റെ പിതാവ് പറയുന്നു. മകന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മൃതദേഹം വിട്ടുകിട്ടാനടക്കം വിദേശകാര്യമന്ത്രാലയം ഇടപെടണമെന്നും മുഹമ്മദ് ഹസനുദ്ദിന്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 3നാണ് മകന്‍ സാന്‍റ ക്ലാര പൊലീസിന്‍റെ വെടിയേറ്റ് മരിച്ചെന്നും മൃതദേഹം കലിഫോര്‍ണിയയിലെ സാന്‍റ ക്ലാര ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും വിവരം ഹസനുദ്ദീന് വിവരം ലഭിച്ചത്. എന്താണ് സംഭവിച്ചതെന്ന് പോലും വ്യക്തതയില്ലെന്നും എന്തിനാണ് പൊലീസുകാര്‍ മകന് നേരെ നിറയൊഴിച്ചതെന്ന് അറിയണമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ എസി ഇടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയെന്ന് സംശയിക്കുന്നതായാണ് നിസാമുദ്ദീന്‍റെ ബന്ധുക്കളിലൊരാള്‍ പറയുന്നത്. ബഹളത്തെ തുടര്‍ന്ന് അയല്‍വാസി പൊലീസിനെ വിവരമറിയിച്ചുവെന്നും പൊലീസ് അതിവേഗം സ്ഥലത്തെത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. റൂം മേറ്റിനെ നിസാമുദ്ദിന്‍ കത്തിക്ക് കുത്തിപ്പരുക്കേല്‍പ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കത്തി താഴെയിടാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ റൂം മേറ്റ് അനുസരിച്ചുവെന്നും നിസാമുദ്ദീന്‍ കത്തി താഴെയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ പൊലീസ് നാലുറൗണ്ട് വെടിയുതിര്‍ത്തു. തല്‍ക്ഷണം നിസാമുദ്ദീന്‍ മരിച്ചുവെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
തെലങ്കാനയിലെ മഹാഭുബുന്‍നഗര്‍ സ്വദേശിയായ നിസാമുദ്ദീന്‍ ഫ്ലോറിഡയിലെ കോളജില്‍ ഉപരിപഠനത്തിനായി 2016ലാണ് പോയത്. പഠനം പൂര്‍ത്തിയായതിന് പിന്നാലെ നിസാമുദ്ദീന് ജോലിയും ലഭിച്ചു. തുടര്‍ന്നാണ് പ്രമോഷന്‍ കിട്ടിയതും കലിഫോര്‍ണിയയിലേക്ക് മാറിയതും.