Image Credit: X/@alextopol
പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ പണം നല്‍കേണ്ടത് സാധാരണയാണ്. എന്നാല്‍ ശുചിമുറിയില്‍ വെള്ളം കിട്ടണമെങ്കില്‍ മൊബൈല്‍ ഫോണിലെ സ്കാനര്‍ എടുത്ത് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് പരസ്യം കൂടി കാണണമെങ്കിലോ? അത്യാവശ്യം പിടിച്ച് ശുചിമുറിയിലെത്തുന്നവര്‍ പെടുമെന്ന് ഉറപ്പ്. സമാനമായ സാഹചര്യമാണ് ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ശുചിമുറിയില്‍ കയറിയാല്‍ ടിഷ്യു പേപ്പര്‍ കിട്ടണമെങ്കില്‍ റോള്‍ ഡിസ്പെന്‍സറിലുള്ള ക്യുആര്‍ കോഡ് ആദ്യം സ്കാന്‍ ചെയ്യണം. തുടര്‍ന്ന് വരുന്ന പരസ്യം മുഴുവനായും കാണണം. എങ്കില്‍ മാത്രമേ അത്യാവശ്യത്തിനുള്ള ടോയ്ലറ്റ് പേപ്പര്‍ കിട്ടൂ. ഇനി പരസ്യം കാണാന്‍ സമയമില്ലെന്ന് വച്ച് സ്കിപ് ചെയ്താലോ ആറുരൂപയോളം നല്‍കണം. കൂടുതലായി ടിഷ്യു പേപ്പര്‍ വേണമെങ്കിലും ആറു രൂപ നല്‍കണം. ചൈന ഇന്‍സൈഡര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.
ആളുകള്‍ പേപ്പര്‍ പാഴാക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാരം അധികൃതര്‍ കൊണ്ടുവന്നത്. പൊതു ശൗചാലയങ്ങളില്‍ കയറി ചിലര്‍ വീണ്ടുവിചാരമില്ലാതെ ടിഷ്യു പേപ്പര്‍ തീര്‍ക്കുന്നുവെന്നും ബാഗിലാക്കി കടത്തിക്കൊണ്ടു പോകുന്നവരുമുണ്ടെന്നും കണ്ടെത്തിയതോടെയാണ് നടപടി. എന്നാല്‍ വ്യാപക വിമര്‍ശനമാണ് പരിഷ്കാരത്തിനെതിരെ ഉയരുന്നത്.
ഫോണിന്‍റെ ബാറ്ററി തീര്‍ന്നു പോയാലോ, ഫോണ്‍ ഓഫായി പോയാലോ ശുചിമുറിയില്‍ കയറുമ്പോള്‍ കയ്യില്‍ പണമില്ലെങ്കിലോ ഒക്കെ എന്ത് ചെയ്യുമെന്നാണ് ആളുകള്‍ ചോദ്യമുയര്‍ത്തുന്നത്. പൊതുസ്ഥലത്തേക്ക് പോകുമ്പോള്‍ പ്രത്യേകിച്ചും ശുചിമുറിയിലേക്കാണെങ്കില്‍ ടിഷ്യു പേപ്പര്‍ കയ്യില്‍ കരുതുന്നതാണ് ബുദ്ധിയെന്നും ആളുകള്‍ കുറിച്ചു.
ഇതാദ്യമായല്ല പൊതുസ്ഥലങ്ങളില്‍ ടോയ്ലറ്റ് ടിഷ്യുവിന് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 2017 ല്‍ ബെയ്ജിങിലെ ടെംപിള്‍ ഓഫ് ഹെവന്‍ പാര്‍ക്കിലാണ് നിയന്ത്രണം കൊണ്ടുവന്നത്. ഒരാള്‍ക്ക് 60 സെന്‍റീമീറ്റര്‍ നീളമുള്ള ടിഷ്യു പേപ്പറാണ് മുഖം തിരിച്ചറിഞ്ഞ ശേഷം മെഷീനില്‍ നിന്നും ലഭ്യമായിരുന്നത്. ഒന്‍പത് മിനിറ്റില്‍ കൂടുതല്‍ ശുചിമുറിയില്‍ ചെലവഴിച്ചാല്‍ പിന്നീട് പേപ്പര്‍ കിട്ടുകയുമില്ല. ഇത് വിവാദമായതോടെ ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും അത്യാവശ്യക്കാര്‍ക്കും ടിഷ്യു നല്‍കുമെന്നും ജീവനക്കാരോട് ചോദിച്ചാല്‍ മാത്രം മതിയെന്നും അധികൃതര്‍ വിശദീകരിച്ചു. ഇതും വന്‍ വിവാദത്തിന് വഴി വച്ചു.