Image Credit: Linkedin/amalbose
സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് യു.കെയില്‍ ജയില്‍ശിക്ഷ. അഞ്ചുകുട്ടികളുടെ പിതാവായ അമല്‍ ബോസിനെ(55)യാണ് കോടതി ശിക്ഷിച്ചത്. 2017 മുതല്‍ 2022 വരെയുള്ള അഞ്ചുവര്‍ഷത്തിനിടെയാണ് സഹപ്രവര്‍ത്തകരോട് അമല്‍ ലൈംഗികാതിക്രമം നടത്തിയത്. മറഞ്ഞിരിക്കുന്ന ലൈംഗികാതിക്രമിയെന്നും 'മാന്യനെന്ന് നടിക്കുന്ന ചെകുത്താന്‍' എന്നുമാണ് വിധി പ്രസ്താവത്തില്‍ അമലിനെ കോടതി വിശേഷിപ്പിച്ചത്.
ലാന്‍കഷിയറിലെ ബ്ലാക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലെ കാര്‍ഡിയോ വാസ്കുലര്‍ സര്‍ജറി വിഭാഗം മുന്‍ തലവനായിരുന്നു അമല്‍. സഹപ്രവര്‍ത്തകരില്‍ നിന്നുള്ള പരാതി ലഭിച്ചതോടെ അമലിനെ എന്‍എച്ച്എസ് സസ്പെന്‍ഡ് ചെയ്തിരുന്നു. വിചാരണക്കാലയളവില്‍ തെല്ലും കുറ്റബോധമില്ലാതെയും കുപിതനായുമാണ് അമല്‍ അന്വേഷണ സംഘത്തിന് മുന്നിലെത്തിയിരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുതിര്‍ന്ന ഡോക്ടറായതിനാല്‍ തന്നെ അധികാരം പ്രയോഗിച്ചാണ് പലപ്പോഴും ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. പരാതിപ്പെടാന്‍ ഭയന്നിരുന്നുവെന്നും അതിക്രമത്തിനിരയായവര്‍ മൊഴി നല്‍കി.സര്‍ജറിക്ക് സഹായിക്കുന്നതിനായെത്തിയ നഴ്സിന്‍റെ മാറിടത്തില്‍ കയറിപ്പിടിച്ചുവെന്നാണ് പരാതികളിലൊന്ന്. സര്‍ജറിക്ക് മുന്നോടിയായി മരുന്നുകളുടെയും മറ്റും വിവരങ്ങളും കേസ് ഹിസ്റ്ററിയും എഴുതാന്‍ വന്ന നഴ്സിന്‍റെ ടോപ്പിന്‍റെ പോക്കറ്റില്‍ പേനയെടുക്കാന്‍ എന്ന പേരില്‍ കയ്യിടുകയും ടോപും അടിവസ്ത്രവും വലിച്ചൂരുകയും മാറിടത്തില്‍ പിടിക്കുകയും ചെയ്തുവെന്നാണ് മറ്റൊരു പരാതി. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി അമലിന്‍റെ കാബിനിലെത്തിയാല്‍ എപ്പോഴും ശരീരത്തില്‍ കടന്നു പിടിക്കാറുണ്ടായിരുന്നുവെന്നും അമലിനെ ഭയന്ന് ജോലി സമയം താന്‍ മാറ്റുകയായിരുന്നുവെന്നും മറ്റൊരു നഴ്സ് മൊഴി നല്‍കി. നഴ്സുമാരിലൊരാളുടെ വസ്ത്രം വലിച്ചൂരിയ ശേഷം ' ഫ്രഷ് മീറ്റെന്നും' പറഞ്ഞു.
അതേസമയം താന്‍ ആരെയും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും ചുമ്മാ നേരമ്പോക്കിന് സംസാരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു അമലിന്‍റെ വാദം. എന്‍എച്ച്എസ് സസ്പെന്‍ഡ് ചെയ്തതോടെ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അമല്‍. അതീവ വൈദഗ്ധ്യമുള്ള സര്‍ജനായിരുന്നുവെങ്കിലും അമല്‍ തികഞ്ഞ ലൈംഗികാതിക്രമിയാണെന്നും ഇത് ഒരു തരത്തിലും അനുവദിക്കാനാവില്ലെന്നും ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സീനിയറായ സര്‍ജനാണെന്ന് കോടതിക്കും ബോധ്യപ്പെട്ടുവെന്നും എന്നാല്‍ വിഷലിപ്തമായ ജോലിസാഹചര്യമാണ് ലൈംഗികാതിക്രമം നടത്തിയും ലൈംഗികച്ചുവയോടെ സംസാരിച്ചും സഹപ്രവര്‍ത്തകരില്‍ അഞ്ചുപേരെ ൈലംഗികമായി ഉപദ്രവിക്കുകയും ചെയ്തതിലൂടെ അമല്‍ ഉണ്ടാക്കിയതെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു. അതിക്രമത്തിനിരയായ സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് ധാരണയുണ്ടായിട്ടും ഇതെല്ലാം നേരമ്പോക്കും തമാശയുമെന്ന് പറയുന്ന ഒരാളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അമലിനുള്ള ഈ ശിക്ഷ ഇത്തരത്തിലുള്ള ലൈംഗികക്കുറ്റവാളികള്‍ക്കുള്ള മുന്നറിയിപ്പാണെന്നും കോടതി വ്യക്തമാക്കി.