ഹമാസ് നേതാക്കള്‍ എവിടെയായിരുന്നാലും വീണ്ടും ആക്രമിക്കും എന്ന സൂചന നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. കഴിഞ്ഞാഴ്ച ഇസ്രയേല്‍ ദോഹയില്‍ നടത്തിയ ആക്രമണത്തെ അപലപിക്കാന്‍ അറബ്, ഇസ്‍ലാമിക് രാജ്യങ്ങള്‍ ഖത്തറില്‍ ഉച്ചകോടി നടത്തുന്നതിനിടെയാണ് നെതന്യാഹുവിന്‍റെ വാക്കുകള്‍. സ്വയം പ്രതിരോധത്തിന് ഇസ്രയേലിന് അവകാശമുണ്ടെന്നും അതിർത്തി കടന്നും ആക്രമിക്കുമെന്നും ഹമാസിന് ഒരിടത്തും സംരക്ഷണമില്ലെന്നും നെതന്യാഹു വ്യക്തമാക്കി. 

‘നമുക്കവരെ പിടിക്കാം, എന്തിനിപ്പോള്‍?’; ദോഹ ആക്രമണത്തിനില്ലെന്ന് മൊസാദ്, പിടിവാശിയില്‍ നെതന്യാഹു

ഹമാസിന്‍റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടാണ് സെപ്റ്റംബര്‍ ഒന്‍പതിന് ദോഹയിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. അഞ്ചു പേര്‍ മരണപ്പെട്ടെങ്കിലും ഹമാസ് നേതൃത്വത്തെ വധിക്കാന്‍ ഇസ്രയേലിനായില്ല. അതേസമയം, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ കഴിഞ്ഞദിവസം നെതന്യാഹുവിനെ കണ്ട് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഗാസയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസ് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും വേണമെന്ന് മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടു. 

ഇനി ഖത്തറിനെ ഇസ്രയേൽ ആക്രമിക്കില്ലെന്നാണ് ട്രംപിന്റെ വാദം. ഇക്കാര്യം നെതന്യാഹു ഉറപ്പു നൽകിയെന്നും ട്രംപ് പറഞ്ഞു. ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നൽകി.

72 മണിക്കൂര്‍; ഇസ്രയേല്‍ ആക്രമിച്ചത് ആറ് രാജ്യങ്ങളെ; ലക്ഷ്യങ്ങളില്‍ 2,000 കിമീ അകലെയുള്ള ഖത്തറും

ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് 10 ലധികം ഇസ്രയേല്‍ യുദ്ധ വിമാനങ്ങളാണ് ദോഹയില്‍ വ്യോമാക്രമണം നടത്തിയത്. പത്തിലേറെ യുദ്ധോപകരണങ്ങളും ആക്രമണത്തില്‍ ഉപയോഗിച്ചതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. ദോഹയിലെ വെസ്റ്റ് ബേ ലഗൂണിലെ ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്. ഹമാസിന്‍റെ രാഷ്ട്രീയകാര്യ ബ്യൂറോ അംഗങ്ങള്‍ താമസിക്കുന്ന റസിഡന്‍ഷ്യല്‍ കെട്ടിടമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്.  ഇസ്രയേലിന്‍റെ എല്ലാ യുദ്ധവിമാനങ്ങളും ലക്ഷ്യമിട്ടത് ഈ ഒരു കെട്ടിടമായിരുന്നു.

ENGLISH SUMMARY:

Israel-Hamas conflict intensifies with threats of further attacks. Netanyahu warns Hamas leaders, stating no place is safe, following a Doha summit condemning Israeli actions.