വെടിനിര്‍ത്തല്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍  ആക്രമണത്തില്‍ 32 ഓളം പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആറു പേര്‍ കുട്ടികളാണെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസസിറ്റിക്ക് പടിഞ്ഞാറുള്ള ഷെയ്ഖ് റദ്‌വാൻ പൊലീസ് സ്റ്റേഷനിലും ഖാൻ യൂനിസിൽ ടെന്റുകൾക്കുനേരെയുമാണ് ആക്രമണം. യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നേതൃത്വത്തില്‍ നടന്ന രണ്ടാം ഘട്ട വെടിനിര്‍ത്തലിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഒക്ടോബറില്‍ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഗാസയിൽ 500 ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 

 

കഴിഞ്ഞ ദിവസം  ഹമാസ് വെടിനിർത്തൽ ലംഘിച്ചതിന് മറുപടിയായി നിരവധി ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തെ അപലപിച്ച ഹമാസ്, ഇസ്രയേല്‍ സൈന്യത്തിന്‍റെ നടപടിയില്‍ യു.എസ് ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഹമാസിന്റെയും സഖ്യകക്ഷിയായ ഇസ്‌ലാമിക് ജിഹാദിന്റെയും കമാൻഡർമാരെയും ആയുധപ്പുരകളും നിർമാണ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതിന്റെ ദൃശ്യം പുറത്തുവന്നു.  വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗാസ മുനമ്പിനും ഈജിപ്തിനും ഇടയിലുള്ള റഫ അതിർത്തി  ഇന്ന് ഇസ്രയേൽ വീണ്ടും തുറക്കും.

 

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏകദേശം 70,000 പലസ്തീനികള്‍ കൊലപ്പെട്ടെന്ന് കഴിഞ്ഞ ദിവസമാണ് ഇസ്രയേല്‍ സൈന്യം സമ്മതിച്ചത്. പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ ഏറെകുറെ ശരിയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ഇസ്രയേല്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോസ്ഥന്‍ പറഞ്ഞിരുന്നു. കാണാതായവരെ കൂടാതെ ഏകദേശം 70,000 ഗാസ നിവാസികൾ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേലി പത്രമായ യെഡിയോത്ത് അഹ്‌റോനോത്ത് റിപ്പോര്‍ട്ട് ചെയ്തു. 

ENGLISH SUMMARY:

Gaza Israel conflict sees intensified Israeli airstrikes following a ceasefire violation, resulting in numerous Palestinian casualties. This escalation marks one of the largest attacks since a previous truce, prompting calls for international intervention.