• ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്തു വേണമായിരുന്നു സ്ഥാനാർഥികളെ തീരുമാനിക്കാനെന്ന് തോമസ് ഐസക്. നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഷോക്ക് ട്രീറ്റ്മെന്‍റ് നല്‍കിയത് അതുകൊണ്ടാണ്. സഹകരണ ബാങ്കുകളിലെ അഴിമതി ഉൾപ്പെടെ തിരഞ്ഞെടുപ്പുരംഗത്ത് തിരിച്ചടിയായെന്നും ഐസക് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം തോറ്റത് എന്തുകൊണ്ടെന്ന് ഇനിയെങ്കിലും നേതൃത്വവും പ്രവര്‍ത്തകരും മനസിലാക്കണമെന്ന് കേന്ദ്രകമ്മിറ്റി അംഗം ടി.എം.തോമസ് ഐസക്. പത്തുവര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്ന് അദ്ദേഹം തുറന്നടിച്ചു. പാര്‍ട്ടി തീരുമാനിച്ചാല്‍ ആരുചോദിക്കാന്‍ എന്നായിരുന്നു ഭാവം. ജനങ്ങളുടെ മുന്നില്‍ വിനയത്തോടെ നില്‍ക്കാന്‍ തയാറാകണമെന്നും മുന്‍ ധനമന്ത്രി ആവശ്യപ്പെട്ടു. ആലപ്പുഴ വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫിസ് ശിലാസ്ഥാപന സമ്മേളനത്തിലായിരുന്നു ഐസക്കിന്‍റെ തുറന്നു പറച്ചിൽ.  Also Read: പ്രതിപക്ഷ ഉപനേതാവ് പദവി ആര്‍ക്കും ഇല്ല; സിപിഎം–സിപിഐ തർക്കത്തിൽ സമവായ ഫോർമുല

ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്തു വേണമായിരുന്നു സ്ഥാനാർഥികളെ തീരുമാനിക്കാനെന്ന് ഐസക് പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഷോക്ക് ട്രീറ്റ്മെന്‍റ് നല്‍കിയത് അതുകൊണ്ടാണ്. സഹകരണ ബാങ്കുകളിലെ അഴിമതി ഉൾപ്പെടെ തിരഞ്ഞെടുപ്പുരംഗത്ത് തിരിച്ചടിയായെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

ആരെങ്കിലും പാർട്ടിയിൽ നിന്നു പോയാൽ സൗകര്യം എന്നാണ് പലരും കരുതിയതെന്ന് തോമസ് ഐസക് പറഞ്ഞു. അമ്പലപ്പുഴയില്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മല്‍സരിച്ച ജി.സുധാകരനും തളിപ്പറമ്പിലും പയ്യന്നൂരിലും പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാക്കളും യുഡിഎഫ് സ്വതന്ത്രരായി മിന്നും വിജയം നേടിയ പശ്ചാത്തലത്തില്‍ ഐസക്കിന്‍റെ പരാമര്‍ശം പ്രധാനമാണ്. 

സിപിഎം – ബിജെപി ഡീൽ എന്ന പ്രചാരണം ജനങ്ങൾ വിശ്വസിച്ചെന്ന് ഐസക് ചൂണ്ടിക്കാട്ടി. പാര്‍ട്ടി നേതാക്കളുടെ ചില വർത്തമാനങ്ങൾ ആ പ്രചാരണത്തെ സഹായിച്ചിട്ടുണ്ട്. ‘തിരുത്തണം, നമ്മൾ നന്നായി എന്നു ജനങ്ങൾക്ക് ബോധ്യപ്പെടണം. പാർട്ടിയെ ജനങ്ങൾ വെറുത്തിട്ടുമില്ല, എഴുതിത്തള്ളിയിട്ടുമില്ല.’ – ഐസക് ഓര്‍മിപ്പിച്ചു.

ENGLISH SUMMARY:

CPM leadership and workers should understand by now why the party suffered defeat in the Assembly election, Central Committee member T.M. Thomas Isaac said. He bluntly stated that party workers had become arrogant after being in power for ten years. There was an attitude that once the party made a decision, nobody had the right to question it. The former Finance Minister said party workers must be willing to stand before the people with humility. Isaac made these candid remarks at the foundation-stone-laying ceremony of the CPM's Vallikunnam West Local Committee office in Alappuzha.