Image: Reuters
ഖത്തറിലെ ഹമാസ് നേതാക്കളെ കരയാക്രമണത്തിലൂടെ വധിക്കാന്‍ തങ്ങളുടെ ഏജന്റുമാരെ ഉപയോഗിക്കാനാവില്ലെന്ന് നെതന്യാഹുവിനോട് മൊസാദ് പറഞ്ഞതായി റിപ്പോര്‍ട്ട്. തുടര്‍ന്നാണ് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ദോഹയിൽ വ്യോമാക്രമണത്തിന് ഉത്തരവിടാനുള്ള ബദൽ മാർഗ്ഗം തേടിയത്. ലോകമെമ്പാടും വ്യാപകമായി അപലപിക്കപ്പെട്ട ഈ ആക്രമണത്തെ ഇസ്രയേല്‍ ചാരഏജൻസി എന്തുകൊണ്ട് അനുകൂലിച്ചില്ലെന്നതാണ് ഉയരുന്ന ചോദ്യം. Also Read: 'ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരെ ചൈന ഉരുക്കിക്കളഞ്ഞു'! ഇലക്ട്രോ മാഗ്നറ്റിക് ആയുധം പ്രയോഗിച്ചെന്ന് യുഎസ...
ചൊവ്വാഴ്ച്ച ദോഹയില്‍ നടത്തിയ ഇസ്രയേല്‍ ആക്രമണത്തെ ലോകരാജ്യങ്ങളെല്ലാം അപലപിച്ചിരുന്നു. ദോഹ ഈ ആക്രമണത്തെ ഇസ്രയേല്‍ സര്‍ക്കാറിന്റെ ഭീകരവാദം എന്നു വിശേഷിപ്പിക്കുകയും ചെയ്തു. മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നതിനിടെയുള്ള ആക്രമണത്തെ വഞ്ചനയായി കണക്കാക്കുമെന്നും ദോഹ പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് മൊസാദും ദോഹ ആക്രമണത്തെ പിന്തുണച്ചില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
എന്തുകൊണ്ട് മൊസാദ് ഖത്തര്‍ ആക്രമണത്തെ പിന്തുണച്ചില്ല?
വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ഖത്തറിലെ ഹമാസ് നേതാക്കളെ വധിക്കുന്നതിനോട് മൊസാദ് ചാര ഏജൻസി എതിർപ്പ് പ്രകടിപ്പിച്ചു. മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയ ഈ ആക്രമണത്തിനും കൊലപാതകത്തിനും എതിരായിരുന്നു. താനും തന്റെ ഏജൻസിയും ഖത്തറുമായി വികസിപ്പിച്ചെടുത്ത ബന്ധത്തിൽ ആക്രമണം വിള്ളലുണ്ടാക്കുമെന്ന ആശങ്കയാണ് ഒരു കാരണം എന്നാണ് പുറത്തുവരുന്ന വിവരം. ഇസ്രായേൽ പ്രതിരോധ സേനാമേധാവി അയൽ സമീറും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹാനെഗ്ബിയും ഈ ആക്രമണപദ്ധതിയെ എതിർത്തിരുന്നുവെന്നാണ് വിവരം. ഹമാസുമായുള്ള ചർച്ചകളിൽ ഖത്തറിനെ ഒരു പ്രധാന മധ്യസ്ഥരായിട്ടാണ് മൊസാദ് ഏജൻസി കണ്ടതെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് ഇസ്രയേലി പ്രതിനിധികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു സ്വന്തം നിലയില്‍ ഉത്തരവിട്ട ആക്രമണത്തെ ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്സും തന്ത്രപരമായ കാര്യമന്ത്രി റോൺ ഡെർമറും പിന്തുണച്ചിരുന്നു. ആക്രമണം നടത്തുന്ന സമയമുള്‍പ്പെടെ മൊസാദ് ചോദ്യംചെയ്തു.
‘ഒന്നോ രണ്ടോ നാലോ വർഷത്തിനുള്ളിൽ നമുക്കവരെ പിടികൂടാൻ കഴിയും, മൊസാദിന് അത് എങ്ങനെ ചെയ്യണമെന്ന് അറിയാം’ എന്തിനാണ് ഇപ്പോഴത് ചെയ്യുന്നത്?’ ഇതായിരുന്നു നെതന്യാഹുവിനോട് മൊസാദിന്റെ ചോദ്യം.
പ്രതിരോധ സ്ഥാപനങ്ങളിലെ ഭൂരിഭാഗം പേരും ആക്രമണം മാറ്റിവെക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഇസ്രായേലും ഹമാസും തമ്മിലുള്ള ബന്ദിമോചന വെടിനിർത്തൽ കരാർ ചർച്ചകളെക്കുറിച്ച് അറിവുള്ള ഒരു ഉന്നത ഉദ്യോഗസ്ഥൻ ചാനൽ 12നോട് വെളിപ്പെടുത്തി. ഈ സമയത്തെ ആക്രമണം മൂലം ചിലപ്പോള്‍ ചര്‍ച്ചകള്‍ നിലച്ചുപോയേക്കാമെന്നും ബന്ദികളെ മോശമായി ബാധിച്ചേക്കാമെന്നും എല്ലാവരും ആശങ്കപ്പെട്ടിരുന്നെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.