sana-israel-attack

TOPICS COVERED

ചൊവ്വാഴ്ചയാണ് ഖത്തറിലെ ദോഹയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേലില്‍ നിന്ന് 2000 കിലോമീറ്റര്‍ അകലെയാണ് ഖത്തര്‍. ട്രംപിന്‍റെ പുതിയ വെടിനിർത്തൽ നിർദ്ദേശം ചർച്ചചെയ്യാൻ ചേര്‍ന്ന ഹമാസ് യോഗത്തിനിടെയായിരുന്നു ആക്രമണം. ഹമാസ് നേതാവ് അല്‍ ഹയ്യയുടെ മകനുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പിന്നാലെ യെമനിലും ആക്രമണം നടത്തി. ഗാസയിലും ആക്രമണങ്ങള്‍ തുടരുകയാണ്. 72 മണിക്കൂറിനിടെ ആറ് രാജ്യങ്ങളെയാണ് ഇസ്രയേല്‍ ആക്രമിച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസയില്‍ തുടരുന്ന ആക്രമണങ്ങള്‍

gaza-flares

ഗാസയില്‍ കഴിഞ്ഞ മൂന്നുദിവസം മാത്രം ഇസ്രയേല്‍ ആക്രമണങ്ങളില്‍ 150 പേർ കൊല്ലപ്പെടുകയും 540 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച 67 പേരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച 83 പേരും കൊല്ലപ്പെട്ടു. പട്ടിണിമൂലം 6 പേരും മരിച്ചു. ആക്രമണം ശക്തമാക്കുമെന്ന് സൂചിപ്പിച്ച്, ഗാസ സിറ്റിയിൽനിന്ന് ഒഴിയാൻ പലസ്തീൻകാരോട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവശ്യപ്പെടുകയും ചെയ്തു. ഗാസയില്‍ ശേഷിച്ച വീടുകളും ബഹുനിലകെട്ടിടങ്ങളുമാണ് ഇസ്രയേൽ ബോംബിട്ടുതകർത്തത്. ഹമാസ് താവളങ്ങള്‍ എന്നാരോപിച്ചാണു നടപടി. 2023 ഒക്ടോബറിൽ തുടങ്ങിയ ഇസ്രയേല്‍ ആക്രമണങ്ങളില്‍ പലസ്തീനില്‍ 64,656 പേരാണ് കൊല്ലപ്പെട്ടത്.

ലെബനനില്‍ വ്യോമാക്രമണം

lebanon-israel-attack

തിങ്കളാഴ്ച കിഴക്കൻ ലെബനനിലെ ബെക്ക, ഹെർമൽ ജില്ലകളിൽ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ അഞ്ച് പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബറിൽ ഒപ്പുവച്ച വെടിനിർത്തൽ കരാറിന്റെ ലംഘനമാണ് ഈ ആക്രമണങ്ങൾ. ഹിസ്ബുല്ലയുടെ ആയുധ ഡിപ്പോകളും സൈനിക സൗകര്യങ്ങളും ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ ധാരണ നിലനില്‍ക്കേ തെക്കേ ലെബനനില്‍ ഇസ്രയേല്‍ ദിവസേന ആക്രമണം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ബെയ്റൂട്ടിന് സമീപവും ഡ്രോൺ ആക്രമണം ഉണ്ടായി.

സിറിയെയും ലക്ഷ്യമിട്ട് ഇസ്രയേല്‍

തിങ്കളാഴ്ച രാത്രി സിറിയയിലെ ഒട്ടേറെ സ്ഥലങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചു. ഹോംസിലെ സിറിയൻ വ്യോമസേനാ താവളവും ലതാകിയയ്ക്ക് സമീപമുള്ള സൈനിക ബാരക്കും ആക്രമിച്ചു എന്ന് യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (എസ്ഒഎച്ച്ആര്‍) അറിയിച്ചു. ആളപായമുണ്ടായതായി അറിവില്ല. സിറിയയുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും രാജ്യസുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയുമാണ് ആക്രമണങ്ങളെന്ന് സിറിയ ഭരണകൂടം പ്രതികരിച്ചു. മുൻ പ്രസിഡന്റ് ബഷാർ അൽ-അസദിന്റെ പതനത്തിനുശേഷം, സിറിയയിലുടനീളം ഇസ്രയേൽ നൂറുകണക്കിന് ആക്രമണങ്ങളാണ് നടത്തിയത്. 

കപ്പലിനുനേര്‍ക്കും ആക്രമണം

gsf-attack

തിങ്കളാഴ്ച രാത്രിയാണ് ഗാസയിലേക്ക് സഹായവുമായി പോയ ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയുടെ (ജിഎസ്എഫ്) പ്രധാന കപ്പലായ ഫാമിലി ബോട്ടിനുനേരെ ടുണീഷ്യയിലെ സിഡി ബൗ സെയ്ദ് തുറമുഖത്തുവച്ച് ഇസ്രയേല്‍ ആക്രമിച്ചത്. ഡ്രോണ്‍ ആക്രമണത്തില്‍ കപ്പലിന്‍റെ പ്രധാന ഡെക്ക് ഉള്‍പ്പെടെ തകര്‍ന്നെങ്കിലും കപ്പലില്‍ ഉണ്ടായിരുന്നവര്‍ സുരക്ഷിതരാണ്. ഗാസയില്‍ ഇസ്രയേല്‍ ഉപരോധം മറികടന്ന് സഹായമെത്തിക്കാന്‍ ശ്രമിക്കുന്ന 44 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുള്ള അന്‍പതിലേറെ കപ്പലുകളുടെ കൂട്ടായ്മയുടെ ഭാഗമാണ് ഫാമിലി ബോട്ട്. ഗ്രേറ്റ ട്യൂന്‍ബെര്‍ഗ് ഉൾപ്പെടെയുള്ള 350 സന്നദ്ധ പ്രവര്‍ത്തകരാണ് ബോട്ടിലുണ്ടായിരുന്നത്. 

ചൊവ്വാഴ്ച രാത്രി ഫ്ലോട്ടില കപ്പലായ അൽമയും ടുണീഷ്യയുടെ സമുദ്രാതിര്‍ത്തിയില്‍ വച്ച് ആക്രമിക്കപ്പെട്ടു. കപ്പലിന്റെ മുകൾഭാഗത്ത് തീപിടുത്തമുണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 2010 മുതൽ, നിരവധി കപ്പലുകൾ ഗാസയിലെ ഇസ്രയേല്‍ ഉപരോധം മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവയിൽ മിക്കതും ഇസ്രായേൽ തടയുകയോ ആക്രമിക്കുകയോ ചെയ്തിട്ടുമുണ്ട്.

2000 കിമീ അകലെ ഖത്തറിലും ആക്രമണം

Smoke rises after several blasts were heard in Doha, Qatar, September 9, 2025. REUTERS/Ibraheem Abu Mustafa

Smoke rises after several blasts were heard in Doha, Qatar, September 9, 2025. REUTERS/Ibraheem Abu Mustafa

കഴിഞ്ഞ ദിവസമാണ് ഇസ്രായേലിൽ നിന്ന് 2,000 കിലോമീറ്ററോളം അകലെയുള്ള ദോഹയില്‍ ആക്രമണമുണ്ടായത്. ഹമാസും ഇസ്രായേലും അമേരിക്കയും തമ്മിലുള്ള നിരവധി ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച ഗൾഫ് രാഷ്ട്രമായ ഖത്തറിനെ ഇസ്രയേൽ ആദ്യമായാണ് ആക്രമിക്കുന്നത്. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പുതിയ വെടിനിർത്തൽ നിർദ്ദേശം ചർച്ച ചെയ്യാൻ ചേര്‍ന്ന ഹമാസ് യോഗത്തിനിടെയായിരുന്നു ആക്രമണം. 

യെമനിലും വ്യോമാക്രമണം

Flames and smoke rise following Israeli airstrikes in Sanaa, Yemen (AP/PTI)

Flames and smoke rise following Israeli airstrikes in Sanaa, Yemen (AP/PTI)

ഖത്തറിന് പിന്നാലെ യെമൻ തലസ്ഥാനമായ സനായിൽ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തി. 35 പേര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. 131 പേര്‍ക്ക് പരിക്കേറ്റിരുന്നു. സനാ വിമാനത്താവളത്തിൽ ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. സൈനിക ആസ്ഥാനത്തും ഗ്യാസ് സ്റ്റേഷനിലും ബോംബിട്ടെന്നാണ് വിവരം. ഹൂതി വിമതർ ഇസ്രയേൽ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് തിരിച്ചടി. ഓഗസ്റ്റ് 30ന് സനായിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹൂതികളുടെ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു.

ENGLISH SUMMARY:

Israel has expanded its military offensive across multiple countries, striking Qatar’s capital Doha, Yemen’s Sanaa, Gaza, Lebanon, and Syria within 72 hours. The unprecedented Qatar attack, 2,000 km from Israel, killed five including the son of Hamas leader Al-Hayya, during a meeting on Donald Trump’s new ceasefire proposal. In Yemen, Israeli airstrikes on Houthi bases left 35 dead and 131 injured, while Gaza saw over 150 deaths in just two days, with more than 64,000 killed since October 2023. Lebanon also reported casualties as Israel targeted Hezbollah depots, violating a ceasefire, and Syria condemned fresh bombings on military sites. Meanwhile, Israel attacked humanitarian flotilla ships headed for Gaza, sparking global outrage. The strikes mark Israel’s first assault on Qatar and highlight an alarming expansion of regional conflict with no signs of de-escalation.