Image Credit: facebook.com/abovetherealm.dan

Image Credit: facebook.com/abovetherealm.dan

കഴിഞ്ഞ ജൂലൈ 13നാണ് പെൻസിൽവാനിയയില്‍ പ്രശസ്തനായ പാരാനോർമൽ അന്വേഷകനായ ഡാൻ റിവേരയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ‘ഡെവിൾസ് ഓൺ ദി റൺ’ എന്ന തന്‍റെ യാത്രയുടെ ഭാഗമായി ദുരൂഹതകൾ നിറഞ്ഞ അനാബെല്‍ പാവയുമായി സഞ്ചരിക്കവേയായിരുന്നു ഡാൻ റിവേര താന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ദുരൂഹ സാ‍ഹചര്യത്തില്‍ മരണപ്പെടുന്നത്. ഇതോടെ എല്ലാ കണ്ണുകളും അനാബെല്‍ പാവയ്ക്കു നേരെ തിരിഞ്ഞു. എന്നാല്‍ ശരിക്കും ഈ പാവ കാരണമാണോ ഡാന്‍ കൊല്ലപ്പെടുന്നത്? 

ഗെറ്റിസ്ബർഗിൽ മൂന്ന് ദിവസത്തെ പരിപാടി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു 54 കാരന്‍ ഡാനിന്‍റെ മരണം. ഈ ടൂറിന്‍റെ ഭാഗമായി, ദുരൂഹതകൾ നിറഞ്ഞ അനാബെൽ പാവയുമായി സംഘം രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. മരിക്കുന്ന ദിവസം രാവിലെ വരെ സഹപ്രവർത്തകരോടൊപ്പമുണ്ടായിരുന്ന ഡാന്‍ തനിക്ക് എന്തോ അസ്വസ്ഥത തോന്നുന്നതായി പറഞ്ഞ് മുറിയിലേക്ക് മടങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ലെന്നും മരണത്തിൽ അസ്വാഭാവികതകളൊന്നും തന്നെയില്ലെന്നും അന്നു തന്നെ കോറോണർ ഓഫീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുകയുണ്ടായി. എങ്കിലും എന്താണ് മരണകാരണം എന്ന് വ്യക്തമായിരുന്നില്ല.

ഒടുവില്‍‌‌ ആഡംസ് കൗണ്ടി കൊറോണറായ ഫ്രാൻസിസ് ഡുട്രോ പറയുന്നത് പ്രകാരം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമാണത്രെ ഡാന്‍ റിവേര മരണപ്പെടുന്നത്. അദ്ദേഹത്തിന് മുന്‍പ് തന്നെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. മരണസമയത്ത് പാവ അദ്ദേഹത്തിന്‍റെ മുറിയില്‍ ഉണ്ടായിരുന്നില്ല എന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോർ സൈക്കിക് റിസർച്ചിന്റെ മുഖ്യ ഇന്‍വെസ്റ്റിഗേറ്ററായിരുന്നു ഡാൻ റിവേര. ട്രാവൽ ചാനലിലെ 'മോസ്റ്റ് ഹോണ്ടഡ് പ്ലേസസ്' എന്ന പരിപാടിയിൽ അമാനുഷിക ഗവേഷകനായി ഡാൻ പങ്കെടുത്തിട്ടുണ്ട്. കൂടാതെ, നെറ്റ്ഫ്ലിക്സിന്റെ '28 ഡേയ്‌സ് ഹോണ്ടഡ്' ഉൾപ്പെടെ നിരവധി പരിപാടികളുടെ നിർമ്മാതാവുമാണ്. അനാബെല്‍ പാവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലൂടെയാണ് അദ്ദേഹം പ്രശ്തനാകുന്നത്. 2013 ൽ പുറത്തിറങ്ങിയ ‘ദി കൺജുറിങ്’ എന്ന ചിത്രത്തിനും 2014 ൽ പുറത്തിറങ്ങിയ ‘അനാബെല്‍’ എന്ന ചിത്രത്തിനും പ്രചോദനമായത് ഈ പാവയുടെ കഥയാണ്.

ENGLISH SUMMARY:

Renowned paranormal investigator Dan Rivera was found dead under mysterious circumstances at a Pennsylvania hotel on July 13, shortly after completing a three-day program in Gettysburg. Rivera, known for his work with the haunted Annabelle doll, was on his “Devil’s on the Run” tour exploring paranormal sites across the country. Initially, his death sparked speculation linking it to the infamous doll, but Adams County Coroner Francis Dutrow later confirmed that Rivera died of heart-related issues, with no foul play involved. The doll was not present in his room at the time of his death. At 54, Rivera had a history of heart problems. He was the chief investigator for the New England Society for Psychic Research, appeared on Travel Channel’s Most Haunted Places, and produced Netflix’s 28 Days Haunted. His investigations surrounding the Annabelle doll made him a well-known figure in the paranormal community, with the doll inspiring the films The Conjuring (2013) and Annabelle (2014).