donald-trump-nobel

സമാധാന നൊബേല്‍ വേണം! ഊണിലും ഉറക്കത്തിലും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആ ഒറ്റ വിചാരമേയുള്ളൂ. വെറുതേയല്ല ചോദിക്കുന്നത്, ട്രംപിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്ത്യ-പാക് ആണവയുദ്ധം ഉള്‍പ്പടെ ഏഴു യുദ്ധങ്ങള്‍ ഒറ്റ ഫോണ്‍ വിളിയില്‍ അവസാനിപ്പിച്ചയാളാണ്. ലോക സമാധാനം ഉണ്ടാക്കുന്നവര്‍ക്കുള്ള പുരസ്‌കാരമല്ലേ, അപ്പോള്‍ തന്നോളം യോഗ്യന്‍ മറ്റാരുണ്ട്? പറഞ്ഞു പറഞ്ഞ് എന്നാല്‍പ്പിന്നെ ട്രംപിന് നല്‍കിയാലെന്താണ് കുഴപ്പം എന്ന് കേള്‍ക്കുന്നവര്‍ക്കും തോന്നിത്തുടങ്ങിയ മട്ടുണ്ട്.

ഇതുവരെ 4 അമേരിക്കന്‍ പ്രസി‍ഡന്‍റുമാര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. വൂഡ്രോ വില്‍സന്‍, തിയോഡര്‍ റൂസ്‌വെല്‍റ്റ്, ജിമ്മി കാര്‍ട്ടര്‍, ബറാക് ഒബാമ. അപ്പോള്‍പ്പിന്നെ തനിക്കും കിട്ടിയാലെന്താ  എന്ന് ട്രംപ് ആഗ്രഹിച്ചാല്‍ തെറ്റുണ്ടോ? നൊബേല്‍ സമ്മാനത്തിനുവേണ്ടിയുള്ള ആ കരച്ചില്‍ കേട്ട് ഒടുവില്‍ ഹിലരി ക്ലിന്‍റണ്‍ വരെ പറഞ്ഞു യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിച്ചാല്‍ ശുപാര്‍ശ ചെയ്യാമെന്ന്. താന്‍ എന്ത് ചെയ്തിട്ടും കാര്യമില്ലെന്നും നൊബേല്‍ കമ്മിറ്റിക്കാര്‍ സമ്മാനം തനിക്ക് തരില്ലെന്നും ട്രംപ് മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുമുണ്ട്.എങ്ങനെയാണ് സമാധന നൊബേല്‍ പ്രഖ്യാപിക്കുക? ട്രംപിന് എന്തെങ്കിലും സാധ്യതയുണ്ടോ?

വിഖ്യാത രസതന്ത്രജ്ഞനും വ്യവസായിയുമായ ആല്‍ഫ്രഡ് നൊബേലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. നല്ല ഉദ്ദേശ്യത്തോടെ താന്‍ കണ്ടെത്തിയ ഡൈനമൈറ്റ് അന്നോളം കണ്ട ഏറ്റവും വിനാശകാരിയായി മാറിയതിന്‍റെ നിരാശയില്‍ നിന്നാണ് സ്വന്തം സ്വത്തുക്കള്‍ സംഭാവന ചെയ്ത് അദ്ദേഹം ഇങ്ങനെയൊരു പുരസ്കാരം ആരംഭിച്ചത്. ഫിസിക്‌സ്, കെമിസ്ട്രി, മെഡിസിന്‍, സാഹിത്യം, സമാധാനം എന്നീ രംഗങ്ങളില്‍ മാനവരാശിക്ക് മുതല്‍ക്കൂട്ടാകുന്ന സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് പുരസ്കാരം നല്‍കണമെന്നായിരുന്നു നൊബേലിന്‍റെ വില്‍പ്പത്രം. 1968ല്‍ സാമ്പത്തിക ശാസ്ത്രം കൂടി ഉള്‍പ്പെടുത്തി.

ജേതാക്കളെ നിര്‍ണയിക്കുന്നത് ഇങ്ങനെ

എട്ടുഘട്ടങ്ങളിലായി എട്ടുമാസം നീണ്ട പ്രക്രിയയിലൂടെയാണ് നൊബേല്‍ ജേതാക്കളെ കണ്ടെത്തുക.സര്‍ക്കാര്‍ പ്രതിനിധിക്കോ, പാര്‍ലമെന്‍റുകള്‍ക്കോ, സര്‍വകലാശാല പ്രഫസര്‍മാര്‍ക്കോ, മുന്‍വര്‍ഷത്തെ ജേതാക്കള്‍ക്കോ അര്‍ഹരായ വ്യക്തികളെ നിര്‍ദേശിക്കാം. സ്വയം നാമനിര്‍ദേശം ചെയ്യാനാവില്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭിക്കുന്ന നോമിനേഷനുകളുടെ വിശകലനവും സൂക്ഷ്മപരിശോധനയും പൂര്‍ത്തിയാകാന്‍ ഏഴുമാസമെടുക്കും. ഇതിനായി വിദഗ്ധസമിതികളുണ്ട്. ചിലപ്പോള്‍ പട്ടിക വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യാം. ഒക്‌ടോബറില്‍ വോട്ടിങ് തുടങ്ങും. കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ പട്ടിക തയാറാക്കും. ഏകകണ്ഠമായിട്ടാവില്ല പലപ്പോഴും ജേതാവിനെ തീരുമാനിക്കുക. പലപ്പോഴും തര്‍ക്കങ്ങളും രാജിയുമെല്ലാം ഉണ്ടാകും. 

സമാധാന നൊബേലിന് എത്ര പേരെ ശുപാര്‍ശ ചെയ്യാം?

1901 ല്‍ സമാധാന നൊബേലിനായി 137 നോമിനേഷനുകളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം എണ്ണം 224 ആയി. ഇക്കുറി 338 നോമിനേഷനുകള്‍ ലഭിച്ചു. ഇതുവരെയുള്ള ഏറ്റവുമധികം നോമിനേഷനുകള്‍ ലഭിച്ചത് 2016ലായിരുന്നു. 376എണ്ണം. പത്തുവര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്‍റോസിനായിരുന്നു 2016ലെ പുരസ്‌കാരം. 

പുരസ്കാരനിര്‍ണയ സമിതി 

നോര്‍വീജിയന്‍ പാര്‍ലമെന്‍റെ നിയോഗിക്കുന്ന അഞ്ചംഗ സമിതിയാണ് സമാധാന നൊബേല്‍ ജേതാവിനെ കണ്ടെത്തുന്നത്. മാനവരാശിയുടെ നന്‍മയ്ക്കും സമാധാനത്തിനുമായി വ്യക്തി, അല്ലെങ്കില്‍ സംഘടന ചെയ്ത സംഭാവന കണക്കിലെടുത്താകും പ്രഖ്യാപനം. ആറുവര്‍ഷമാണ് സമിതി അംഗങ്ങളുടെ കാലാവധി. നോര്‍വേക്കാരാണ് ഇതുവരെയും സമിതി അംഗങ്ങളായിട്ടുള്ളത്.

പ്രഖ്യാപനം

ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം ഒക്ടോബറില്‍ പ്രഖ്യാപിക്കും. നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടിയവരുടെ പേരുവിവരങ്ങള്‍ സംഘടനയുടെ നയമനുസരിച്ച് 50 വര്‍ഷം രഹസ്യമായി വയ്ക്കും. ഓസ്ലോയിലെ പീസ് റീസര്‍ച്ച് ഓര്‍ഗനൈസേഷന്‍റെ വിലയിരുത്തല്‍ പ്രകാരം ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ താനിക്കും രാജ്യാന്തര ക്രിമിനല്‍ കോടതിക്കുമാണ് ഇത്തവണ സമാധാന നൊബേലിന് സാധ്യത കല്‍പ്പിക്കുന്നത്. 

ട്രംപിന് നൊബേല്‍ കിട്ടാന്‍ തടസമെന്ത്?

സമാധാന നൊബേല്‍ വേണം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ലോകനേതാക്കളോടെല്ലാം ട്രംപ് ഈ അഗ്രഹം പറഞ്ഞു. കംബോഡിയന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ സര്‍ക്കാരുമുള്‍പ്പടെ ട്രംപിനെ നാമനിര്‍ദേശം ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തു. നടന്നതും നടന്നേക്കാവുന്നതുമായ പത്ത് യുദ്ധങ്ങള്‍ അവസാനിപ്പിക്കുകയോ ഒഴിവാക്കി ലോകത്തെ രക്ഷിക്കുകയോ ചെയ്തെന്നാണ് ട്രംപിന്റെ അവകാശവാദം. പഹല്‍ഗാം ആക്രമണത്തിനുശേഷം നടന്ന ഇന്ത്യ–പാക് ഏറ്റുമുട്ടല്‍ വരെ ഇതിലു്ട്. ഈ  വാദം ഗൗരവത്തിലെടുത്താല്‍പ്പോലും ഇത്തവണ പുരസ്കാരത്തിന് സാധ്യത കുറവാണ്. ജനുവരി 31ന് മുന്‍പ് ലഭിച്ച നോമിനേഷുകളേ കമ്മിറ്റി പരിഗണിക്കാറുള്ളു. അതിനുശേഷം ലഭിച്ചവ അടുത്ത വര്‍ഷത്തേക്ക് മാറ്റും.

ഇറാഖില്‍ നിന്ന് യുഎസ് സൈന്യത്തെ തിരിച്ചുവിളിക്കാനുള്ള തീരുമാനമാണ് ബരാക് ഒബാമയെ സമാധാന നൊബേലിന് അര്‍ഹനാക്കിയത്. പ്രസിഡന്‍റായി വെറും എട്ടാം മാസത്തിനകമായിരുന്നു പുരസ്കാരം. ഇക്കാര്യത്തില്‍ ട്രംപിന് നല്ല അസൂയയുമുണ്ട്. എന്തിനാണ് നൊബേല്‍ കിട്ടിയതെന്ന് ഒബാമയ്ക്ക് പോലും അറിയില്ലെന്നായിരുന്നു ട്രംപിന്‍റെ പ്രസ്താവന. ഇനി ഇതെല്ലാം മറികടന്നാല്‍പ്പോലും നൊബേല്‍ തീരുമനിക്കുന്ന അഞ്ചംഗ സമിതി ട്രംപിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. സമിതിയംഗങ്ങളില്‍ രണ്ടുപേരും ചെയര്‍മാന്‍ യോര്‍ഗന്‍ വത്ന ഫ്രീനസും ട്രംപ് വിരുദ്ധരാണ്. ജനാധിപത്യധ്വംസകന്‍ എന്നാണ് യോര്‍ഗന്‍ ട്രംപിനെ വിശേഷിപ്പിച്ചത്. ഇതെല്ലാം കൊണ്ടുതന്നെ ഇക്കുറി ട്രംപിന്‍റെ സമാധാന നൊബേല്‍ ഒരു സ്വപ്‌നമായി അവശേഷിക്കാനാണ് സാധ്യത. അതിന്‍റെ പേരില്‍ ആരോടൊക്കെ യുദ്ധത്തിന് പുറപ്പെടുമെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. 

ENGLISH SUMMARY:

Nobel Peace Prize is a prestigious award given for contributions to peace. The Nobel Committee determines the recipient through a rigorous process, and Donald Trump's chances are slim despite his efforts.