റസ്റ്ററന്‍റ് ഉടമകള്‍ | ചിത്രം: ഫെയ്സ്ബുക്ക്

യുകെയില്‍ ഇന്ത്യന്‍ കുടുംബത്തിന്‍റെ റസ്റ്ററന്‍റില്‍ നിന്നും 23,000 രൂപയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ബില്ലടയ്ക്കാതെ മുങ്ങി ആറംഗ സംഘം. ഹോട്ടല്‍ ഉടമകളായ രാമൻ കൗറും നരീന്ദർ സിങ് അത്വയും സമൂഹമാധ്യമങ്ങളിലൂടെയാണ് തങ്ങള്‍ക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. ആറ് പേരടങ്ങുന്ന സംഘമാണ് ഇതിന് പിന്നിലെന്നും വലിയ സാമ്പത്തിക നഷ്ടമാണ് തങ്ങള്‍ക്കുണ്ടായതെന്നും ഇരുവരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ട്രാഫോർഡിലുള്ള സായി സുരഭി റസ്റ്ററന്‍റിലാണ് തട്ടിപ്പ് നടന്നത.

ഓഗസ്റ്റ് 30 ശനിയാഴ്ചയാണ് സംഭവം. നാല് മുതിർന്നവരും നാല് കുട്ടികളും അടങ്ങുന്ന സംഘമാണ് വരുന്നതിന് 15 മിനിറ്റ് മുമ്പ് ഒരു ടേബിൾ ബുക്ക് ചെയ്യുന്നത്. പക്ഷേ പ്രതീക്ഷിച്ചതിലും ഇരട്ടി ആളുകളുമായാണ് ഇവര്‍ എത്തിയത്. റസ്റ്ററന്‍റിലെ അന്തരീക്ഷം ആസ്വദിച്ച് അവര്‍ ഭക്ഷണം കഴിച്ചു. വിഭവങ്ങള്‍ വാങ്ങിക്കൂട്ടി. വൈകുന്നേരത്തോടെ സ്ത്രീകളും കുട്ടികളും പുറത്തേക്ക് പോകുകയും പണം നല്‍കാന്‍ രണ്ട് പുരുഷന്‍മാര്‍ എത്തുകയും ചെയ്തു. തങ്ങളുടെ പക്കലുണ്ടായിരുന്നു അഞ്ചോളം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇവര്‍ പണം നല്‍കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ സെപ്റ്റംബർ 1 തിങ്കളാഴ്ചയോടെ പണം അടയ്ക്കാമെന്ന് വാഗ്ദാനം നൽകി ഐ‍ഡി പോലും നല്‍കാതെ അവര്‍ കടന്നുകളയുകയായിരുന്നുവെന്ന് റസ്റ്ററന്‍റ് ഉടമകള്‍ പറയുന്നു.

ദിവങ്ങള്‍ക്ക് ശേഷവും പണമടയ്ക്കാന്‍ ഇവര്‍ എത്താത്തിനെ തുടര്‍ന്ന് ഉടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. ഇങ്ങനെ ചെയ്യാന്‍ താന്‍ കരുതിയിരുന്നില്ലെന്നും എന്നാല്‍ ഇത് മാത്രമാണ് ഏക വഴിയെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങൾ പതിവായി എത്താറുള്ള റസ്റ്ററന്‍റാണെന്നും ഒരിക്കലും ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഉടമ പറയുന്നു. സംഘം റസ്റ്ററന്‍റില്‍ ആദ്യമായാണ് വരിന്നതെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പിന്നാലെ പോസ്റ്റിന് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. ‘നിങ്ങള്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവെന്ന് എനിക്കറിയാം. 200 പൗണ്ട് (23,000 രൂപ) ഒരു ചെറിയ തുകയല്ല’ റസ്റ്ററന്‍റിലെ ഒരു സ്ഥിരം സന്ദര്‍ശകന്‍ കുറിച്ചു. ഇത് മോഷണമാണ്, പൊലീസില്‍ പരാതിപ്പെടണം, കഠിനാധ്വാനം ചെയ്യുന്ന ആളുകളോട് ഇങ്ങനെ ചെയ്യുന്നത് തീര്‍ത്തും നിരാശാജനകമാണ് എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍. ആ പ്രദേശം സന്ദര്‍ശിക്കുമ്പോള്‍ തീര്‍ച്ചയായും ഈ റസ്റ്ററന്‍റ് സന്ദര്‍ശിക്കുമെന്നും ആളുകള്‍ പോസ്റ്റിനടിയില്‍ കുറിച്ചു.

ENGLISH SUMMARY:

An Indian family-owned restaurant in Greater Manchester, UK, was cheated of £200 (₹23,000) after a group of six dined lavishly and left without paying the bill. Restaurant owners Raman Kaur and Narinder Singh Athwal shared their ordeal on social media, highlighting the financial loss and betrayal. The incident took place at Sai Surbhi Restaurant in Trafford when the group booked a table for four but arrived with eight people. Despite trying multiple cards, they failed to pay and promised to settle the bill later, which never happened. Following repeated delays, the owners filed a police complaint and released CCTV footage. The post received widespread support, with many condemning the act and pledging to support the restaurant.