ബോളിവുഡ് താരം ഷില്‍പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ആഡംബര റസ്റ്ററന്റായ ‘ബാസ്റ്റ്യനി’ല്‍ (Bastian) നിന്നുള്ള ഒരു ദിവസത്തെ വരുമാനം കേട്ടാല്‍ ഞെട്ടും. രണ്ടു കോടിയ്ക്കും മൂന്നു കോടിയ്ക്കുമിടയില്‍ വരും. പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭാ ഡേയാണ് അടുത്തിടെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ദാദറിലെ കൊഹിനൂര്‍ സ്ക്വയറിന്‍റെ 48-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന Bastian at The Top നഗരത്തിന്‍റെ മനോഹര ദൃശ്യങ്ങളും ആഡംബര അന്തരീക്ഷവും ചേര്‍ന്നതാണ്. ഏകദേശം 1,400 പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന സൗകര്യമുള്ള ഈ റസ്റ്ററന്റ്, വലിയ സീറ്റിംഗ് ശേഷിയുണ്ടെങ്കിലും പല ദിവസങ്ങളിലും മുന്‍കൂട്ടി ബുക്കിംഗ് നിര്‍ബന്ധമായ അവസ്ഥയിലാണ്.
ബാസ്റ്റ്യന്‍ റസ്റ്ററന്റിന്റെ മെനുവും വിലനിലവാരവും പ്രശസ്തമാണ്. ജാസ്മിന്‍ ടീയ്ക്ക് ഏകദേശം 900-രൂപയില്‍ അധികം വിലയുള്ളതും, ചില സാലഡുകള്‍ 1,000 രൂപ കടക്കുന്നതും, ചില വൈന്‍, ഷാംപെയ്‌ന്‍ ബോട്ടിലുകള്‍ക്ക് ₹1.5 ലക്ഷം വരെ വിലയുള്ളതുമാണ് . ലക്ഷ്വറി ഡൈനിംഗ്, നൈറ്റ് ലൈഫ് സംസ്‌കാരം, ഹൈ-പ്രൊഫൈല്‍ ഇവന്റുകള്‍ എന്നിവയാണ് ഈ വന്‍ വരുമാനത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ബോളിവുഡ് താരങ്ങള്‍, വ്യവസായ പ്രമുഖര്‍, സാമൂഹിക രംഗത്തെ അറിയപ്പെടുന്ന വ്യക്തികള്‍ തുടങ്ങിയവരുടെ സ്ഥിരം സംഗമ കേന്ദ്രമായി ബാസ്റ്റ്യന്‍ മാറിയിട്ടുണ്ട്. സെലിബ്രിറ്റി ഉടമസ്ഥതയിലുള്ള റസ്റ്റോറന്റുകള്‍ ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍, ഷില്‍പ ഷെട്ടിയുടെ ബാസ്റ്റ്യന്‍ ബ്രാന്‍ഡ് അതിന്‍റെ ആഡംബര ശൈലിയിലൂടെ ശ്രദ്ധിക്കപ്പെടുന്നു
മുന്‍പ് ബാന്ദ്ര, വര്‍ളി മേഖലകളിലുണ്ടായിരുന്ന ചില ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയെങ്കിലും, ബ്രാന്‍ഡിനെ പുതുക്കി ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ബാസ്റ്റ്യന്‍ ബ്രാന്‍ഡിന്‍റെ പുതിയ സംരംഭങ്ങള്‍ മുംബൈയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതികളും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഡംബര ഭക്ഷണ സംസ്‌കാരവും നൈറ്റ് ലൈഫ് ട്രെന്‍ഡും ശക്തമാകുന്ന നഗരമായ മുംബൈയില്‍, ഷില്‍പ ഷെട്ടിയുടെ ‘ബാസ്റ്റ്യന്‍’ ഒരു റസ്റ്ററന്റിനേക്കാള്‍ കൂടുതല്‍ ഒരു ലൈഫ്‌സ്റ്റൈല്‍ ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ്.