Image Credit:AP, AFP
സാമ്രാജ്യത്വത്തിന്‍റെയും ഏകലോകത്തിന്‍റെയും കാലം കഴിഞ്ഞുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനോട് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിന്‍. വന്‍ സാമ്പത്തിക ശക്തികളായി മാറുന്ന ഇന്ത്യയെയും ചൈനയെയും പരിഗണിക്കാതെയും അംഗീകരിക്കാതെയും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പുട്ടിന്‍ മുന്നറിയിപ്പ് നല്‍കി. രാജ്യാന്തര നിയമങ്ങളുടെ കാഴ്ചപ്പാടില്‍ എല്ലാവര്‍ക്കും തുല്യ അവകാശങ്ങളും തുല്യ സ്ഥാനവുമാണുള്ളത്. രാജ്യാന്തര ബന്ധങ്ങളുടെ പ്രാധാന്യം വലിയതാണെന്നും പുട്ടിന്‍ ഓര്‍മിപ്പിച്ചു.
ഇന്ത്യയ്ക്കും ചൈനയ്ക്കും അവരുടേതായ രാഷ്ട്രീയ സംവിധാനങ്ങളും ആഭ്യന്തര നിയമങ്ങളുമാണുള്ളത്. അവരുടെ നേതാക്കളെ വിഷമസന്ധിയിലാക്കി ശിക്ഷ നടപ്പിലാക്കാമെന്ന് കരുതേണ്ടെന്നും പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു. സാമ്രാജ്യത്വത്തിന്‍റെ പാരമ്പര്യമുള്ള, മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേല്‍ ദീര്‍ഘകാലം കൈ കടത്തിയ ചരിത്രം ചില രാജ്യങ്ങള്‍ക്കുണ്ട്. ആ കാലമെല്ലാം കഴിഞ്ഞു. മറ്റ് രാജ്യങ്ങളോട് സംസാരിക്കുമ്പോള്‍ ആ സ്വരം എടുക്കാതിരിക്കാന്‍ ആ രാജ്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്'- പുട്ടിന്‍ വ്യക്തമാക്കി.
അതിനിടെ മോദിക്കെതിരെ ട്രംപിന്‍റെ വ്യാപാര ഉപദേശകനായ പീറ്റര്‍ നവാരോ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. മോദിയും ഷീ ചിന്‍പിങുമായി നടത്തിയ ചര്‍ച്ച നാണക്കേടാണെന്നായിരുന്നു നവാരോയുടെ വാദം. 'ഷീ ചിന്‍ പിങിനൊപ്പം ഇരിക്കാന്‍ മോദിക്ക് ലജ്ജയില്ലേ? മോദിയെന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല. ഇന്ത്യയെ ആക്രമിക്കുകയും ഇന്ത്യയുടെ സ്ഥലം പിടിച്ചെടുക്കുകയും െചയ്തവരാണ് ചൈന. അത് മറന്നോ' എന്നും ചൈനയ്ക്കൊപ്പമല്ല, യുഎസിനൊപ്പമാണ് ഇന്ത്യ നില്‍ക്കേണ്ടതെന്നും നവാരോ കൂട്ടിച്ചേര്‍ത്തു.
പതിറ്റാണ്ടുകള്‍ കൊണ്ട് ഇന്ത്യയും യുഎസും സൃഷ്ടിച്ച സഹകരണവും ബന്ധവുമാണ് അധികത്തീരുവയിലൂടെ ട്രംപ് തകര്‍ത്തത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ, യുദ്ധത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് അധികത്തീരുവ ഏര്‍പ്പെടുത്തിയത്. റഷ്യന്‍ എണ്ണ ഏറ്റവുമധികം വാങ്ങുന്നത് ചൈനയാണെന്നിരിക്കെ ട്രംപ് അനുബന്ധ തീരുവ ഏര്‍പ്പെടുത്തിയ ഒരേയൊരു രാജ്യം ഇന്ത്യയാണ്. ഇത് നീതികരിക്കാനാവാത്തതാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു.