പഹല്‍ഗാം ആക്രമണത്തെ ശക്തിയായി അപലപിച്ച് ഷാങ്‍ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടി. ആക്രമണം ആസൂത്രണം ചെയ്യുകയും പിന്തുണയ്ക്കുകയും സ്പോണ്‍സര്‍ ചെയ്യുകയും ചെയ്തവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും എസ്.സി.ഒ നേതാക്കള്‍ അംഗീകരിച്ച സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങ്ങും ഉള്‍പ്പെടെ പങ്കെടുത്ത ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന ഇന്ത്യയ്ക്ക് വലിയ നയതന്ത്രവിജയമായി. പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും പരുക്കേറ്റവരോടും ഉച്ചകോടി അനുഭാവവും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.
‘ഭീകരവാദം, തീവ്രവാദം, വിഘടനവാദം എന്നിവയ്ക്കെതിരെ പോരാടാനുള്ള പ്രതിബന്ധത അംഗരാജ്യങ്ങള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കുവേണ്ടി ഭീകരരെയും വിഘടനവാദികളെയും ഉപയോഗിക്കുന്ന രീതി അംഗീകരിക്കില്ലെന്നും ഉറപ്പിച്ചുപറയുന്നു. ഭീകരസംഘടനകളില്‍ നിന്നും തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നുമുള്ള ഭീഷണി നേരിടാന്‍ അംഗരാജ്യങ്ങള്‍ക്കും അവയുടെ നിയമാനുസൃത ഏജന്‍സികള്‍ക്കുമുള്ള പരമാധികാരവും അംഗീകരിക്കുന്നു.’ – സംയുക്തപ്രസ്താവന വ്യക്തമാക്കി. Also Read: നൊബേലിന് ശുപാര്‍ശ ചെയ്യണമെന്ന് ട്രംപ്; പറ്റില്ലെന്ന് മോദി; ഉറ്റചങ്ങാതിമാര്‍ എതിരായത് ഒരു ഫോണ്‍ കോളില്‍
ഭീകരതയുടെ എല്ലാത്തരം വകഭേദങ്ങളെയും അംഗരാജ്യങ്ങള്‍ ശക്തിയായി അപലപിക്കുന്നു. ഭീകരവിരുദ്ധപോരാട്ടത്തില്‍ ഒരുതരത്തിലുള്ള ഇരട്ടത്താപ്പും അംഗീകരിക്കില്ല. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം ഭീകരതെയും രാജ്യാന്തരസമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും എസ്.സി.ഒ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.