FILE PHOTO: FILE PHOTO: U.S. President Donald Trump and India's Prime Minister Narendra Modi talk as they arrive for a joint news conference after bilateral talks at Hyderabad House in New Delhi, India, February 25, 2020. REUTERS/Al Drago//File Photo

FILE PHOTO: FILE PHOTO: U.S. President Donald Trump and India's Prime Minister Narendra Modi talk as they arrive for a joint news conference after bilateral talks at Hyderabad House in New Delhi, India, February 25, 2020. REUTERS/Al Drago//File Photo

ഇന്ത്യയ്ക്ക് മേല്‍ യു.എസ് ചുമത്തിയ 50 ശതമാനം തീരുവയെ പറ്റി പല കഥകളും ഉയരുന്നുണ്ട്. ട്രംപിന്‍റെ വ്യക്തി വിരോധമാണ് യു.എസ് ഇന്ത്യയ്ക്ക് എതിരാകാൻ കാരണമെന്നായിരുന്നു യു.എസ് സാമ്പത്തിക സ്ഥാപനമായ ജെഫറീസിന്‍റെ റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് മോദിയെ ഫോണില്‍ വിളിച്ചെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി ഫോണ്‍ നിരസിച്ചെന്നും നേരത്തെ ജര്‍മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുകയാണ് ന്യൂയോര്‍ക്ക് ടൈംസ്. 

ജൂണ്‍ 17 നുള്ള ട്രംപിന്‍റെ ഫോണ്‍ കോളിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചു എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിലുള്ള അവസാനത്തെ ഫോൺ കോൾ നടന്നത് ജൂൺ 17 നായിരുന്നു. കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിക്ക് ശേഷം വാഷിങ്ടണിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രംപ് ഫോണ്‍ ചെയ്തത്. 35 മിനുട്ട് സംഭാഷണം നീണ്ടു നിന്നു. 

ഇന്ത്യ–പാക്ക് സംഘര്‍ഷം അവസാനിപ്പിച്ചതിലെ തന്‍റെ പങ്ക് ഈ ഫോണ്‍ സംഭാഷണത്തിനിടെ ട്രംപ് ആവര്‍ത്തിച്ചു. സമാധാനത്തിനുള്ള നൊബേലിന് പാക്കിസ്ഥാന്‍ തന്നെ നിര്‍ദ്ദേശിക്കാന്‍ പോവുകയാണെന്നും മോദി ഇതുപോലെ ചെയ്യണമെന്നും ട്രംപ് സൂചിപ്പിച്ചു. എന്നാല്‍ ട്രംപിന്‍റെ വാദത്തെ തള്ളിയ മോദി ഇന്ത്യ–പാക്ക് സംഘര്‍ഷം അവസാനിപ്പിച്ചത് ഇരുരാജ്യങ്ങളും നേരിട്ടാണെന്ന് നിലപാടെടുത്തു. ട്രംപിന്‍റെ നിലപാട് തള്ളിയതും നൊബേലിന് നാമനിര്‍ദ്ദേശം ചെയ്യാത്ത മോദിയുടെ നിലപാടും ഇരു നേതാക്കളും തമ്മിലുള്ള ബന്ധത്തെ ഉലച്ചു. ട്രംപിന്‍റെ ആദ്യ ടേമില്‍ മികച്ച സുഹൃത്തുക്കളായിരുന്നു ഇരുവരും. 

ജൂണിലെ ഫോൺ കോളിന് ആഴ്ചകൾക്കുശേഷമാണ് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുന്നത്. ഇതിന് ശേഷം തൊട്ടടുത്ത ആഴ്ച റഷ്യൻ എണ്ണ വാങ്ങുന്നതിന് പിഴ തീരുവയായി 25 ശതമാനം അധിക നികുതി ചുമത്തി. അങ്ങനെ യു.എസിലേക്കുള്ള ഇറക്കുമതിക്ക് 50 ശതമാനം നികുതി നല്‍കുന്ന രാജ്യമായി ഇന്ത്യ മാറി. 

ജൂണ്‍ 17 നുള്ള ഫോണ്‍ കോളിനിടെ വാഷിങ്ടണിലേക്ക് എത്തണമെന്നാണ് ട്രംപ് മോദിയോട് ആവശ്യപ്പെട്ടത്. ക്രൊയേഷ്യയിലേക്കുള്ള യാത്രയുള്ളതിനാല്‍ ഇത് സാധ്യമല്ലെന്ന് മോദി വ്യക്തമാക്കി. ഇതേസമയത്ത് വൈറ്റ്ഹൗസിലുണ്ടായിരുന്ന പാക്കിസ്ഥാന്‍ കരസേനാ മേധാവി അസിം മുനീറുമായി ഹസ്തദാനം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമ്മർദ്ദത്തിലാക്കാൻ ട്രംപ് ശ്രമിക്കുമെന്ന ആശങ്കയും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടായിരുന്നു. ട്രംപിന്‍റെ അതിഥിയായി അസിം മുനീര്‍ ഈസമയം വൈറ്റ് ഹൗസിലുണ്ടായിരുന്നു. 

എന്നാല്‍ വ്യാപാര കരാറിന് അന്തിമരൂപം നല്‍കാന്‍ ട്രംപ് മോദിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇരു നേതാക്കളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായതോടെ ഇന്ത്യ ഫോണ്‍ കോളുകള്‍ സ്വീകരിച്ചില്ല എന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ സംഭാഷണത്തില്‍ എന്ത് നടന്നാലും ട്രംപ് താൻ ആഗ്രഹിക്കുന്ന കാര്യം ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്യുമെന്ന ആശങ്ക ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു എന്ന് മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

ട്രംപിന്‍റെ അവകാശവാദങ്ങളെ തള്ളി കഴിഞ്ഞ ദിവസം യു.എസ് ധനകാര്യ സ്ഥാപനമായ ജെഫറീസിന്‍റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യ–പാക്ക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ അനുവദിക്കാത്തതിലെ നീരസമാണ് ട്രംപ് നികുതി ചുമത്തിയതിന് കാരണമെന്ന് ജെഫറീസ് പറയുന്നു. ഇന്ത്യ–യുഎസ് സംഘര്‍ഷത്തില്‍ ഇടപെടാനും മധ്യസ്ഥത വഹിക്കാനാകുമെന്നും ട്രംപ് കരുതിയിരുന്നു. എന്നാല്‍ ട്രംപിന്‍റെ ആവശ്യത്തെ ഇന്ത്യ തള്ളി. ഇതാണ് ഇന്ത്യയ്ക്ക് മുകളില്‍ യുഎസ് താരിഫ് ചുമത്താനുള്ള കാരണമെന്ന് ജെഫറീസ് പറയുന്നു.