modi-putin-share-car

ചൈനയിലെ ടിയാന്‍ജിങില്‍ എസ്.സി.ഒ ഉച്ചകോടിക്കിടെ ഇന്ത്യ–റഷ്യ സൗഹൃദത്തിന്‍റെ ആഴം വിളിച്ചോതുന്ന ദൃശ്യങ്ങള്‍. ഉച്ചകോടിക്കുശേഷം ഇന്ത്യ–റഷ്യ ചര്‍ച്ച നടക്കുന്ന വേദിയിലേക്ക് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരേ കാറിലാണ് യാത്ര ചെയ്തത്. ഇതിന്‍റെ ചിത്രം മോദി എക്സില്‍ പോസ്റ്റ് ചെയ്തു. ‘എസ്.സി.ഒ വേദിയിലെ നടപടിക്രമങ്ങള്‍ക്കുശേഷം ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഒന്നിച്ചൊരു യാത്ര’ എന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രിയുടെ പോസ്റ്റ്. പുടിനുമായുള്ള സംഭാഷണങ്ങള്‍ എന്നും ഉള്‍ക്കാഴ്ചയുള്ളതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

narendra-modi-vladimar-putin

ഏറ്റവും ദുര്‍ഘടമായ സാഹചര്യങ്ങളില്‍പ്പോലും ഇന്ത്യയും റഷ്യയും തോളോടുതോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ–റഷ്യ സഹകരണം ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രെയ്ന്‍ യുദ്ധം എത്രയും വേഗം അവസാനിക്കുമെന്നാണ് പ്രതീക്ഷ. ഡിസംബറില്‍ പുടിനെ ഇന്ത്യയിലേക്ക് വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു. ‘പ്രിയ സുഹൃത്ത്’ എന്നാണ് പുടിന്‍ മോദിയെ അഭിസംബോധന ചെയ്തത്. റഷ്യ–യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും നടത്തുന്ന ശ്രമങ്ങള്‍ മൂല്യവത്താണെന്ന് റഷ്യന്‍ പ്രസിഡന്‍റ് പറഞ്ഞു.

Read Also: പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് എസ്.സി.ഒ; ആസൂത്രകരെ ശിക്ഷിക്കണമെന്ന് സംയുക്തപ്രസ്താവന

നേരത്തേ എസ്.സി.ഒ ഉച്ചകോടിയുടെ വേദിയിലും മോദിയും പുടിനും ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങ്ങുമായി ഊഷ്മളമായ സൗഹൃദം പങ്കുവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പുടിനും മോദിയും ഒന്നിച്ചാണ് നടന്നെത്തിയത്. ചൈനീസ് പ്രസി‍ഡ‍ന്‍റുമായുള്ള അനൗപചാരിക സൗഹൃദസംഭാഷണം ഏറെനേരം നീണ്ടു. തുടര്‍ന്ന് മോദിയും പുടിനും വേദിയിലേക്ക് നടക്കുമ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരിഫ് സമീപത്തുണ്ടായിരുന്നെങ്കിലും ഇരുനേതാക്കളും ശ്രദ്ധിച്ചില്ല. ഈ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലും തരംഗമായി. 

ENGLISH SUMMARY:

During the SCO summit in Tianjin, China, Prime Minister Narendra Modi and Russian President Vladimir Putin showcased their close relationship by traveling together in the same car to their bilateral meeting. PM Modi shared a photo of this moment on X, describing his conversations with Putin as always insightful. In their discussions, Modi emphasized the strong India-Russia partnership, expressed hope for a swift end to the war in Ukraine, and invited Putin to visit India in December. Addressing Modi as a "dear friend," Putin acknowledged the valuable efforts of India and China in seeking a resolution to the Russia-Ukraine conflict. Earlier, visuals of the warm camaraderie between Modi, Putin, and Chinese President Xi Jinping, as they seemingly ignored the Pakistani Prime Minister, gained significant attention.