യെമന്‍ തലസ്ഥാനമായ സനായില്‍ നടന്ന ഇസ്രയേല്‍ വിരുദ്ധ റാലിയില്‍ പങ്കെടുക്കുന്ന ഹൂതി അനുഭാവികള്‍. (AP Photo/Osamah Abdulrahman)
നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി ഹൂതികള്‍. പ്രതികാരം ചെയ്യുമെന്നും ഇസ്രയേലിന്‍റേത് പൂര്‍ണ വിജയമല്ലെന്നും ഹൂതികളുടെ സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ തലവൻ മഹ്ദി അൽ മഷാത്ത് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും സംഘവും ക്യാബിനറ്റ് യോഗം സുരക്ഷിത ഇടത്തേക്ക് മാറ്റി.
ഹൂതി നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രയേല്‍; പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി അടക്കം കൊല്ലപ്പെട്ടു
വ്യാഴാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി ഗാലിബ് അൽ റഹാവിയും എട്ട് അധിക മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. ഹൂതികളുടെ തിരിച്ചടി അടക്കം ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കി. മിസൈലുകളും ഡ്രോണുകളും നിർമ്മിക്കുന്നതിനുള്ള സ്വതന്ത്ര ശേഷി ഹൂതികള്‍ക്ക് ഉണ്ടെന്നാണ് ഐഡിഎഫിന്‍റെ വിലയിരുത്തല്‍. ഹൂതികള്‍ക്ക് ഇറാൻ, ഉത്തര കൊറിയ എന്നിവരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും വിവരമുണ്ട്.
'ഞങ്ങൾ പ്രതികാരം ചെയ്യും, ഇരുണ്ട ദിനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു' എന്നാണ് മഹ്ദി അൽ മഷാത്ത് റെക്കോർഡ് ചെയ്ത പ്രസംഗത്തിൽ പറയുന്നത്. ശനിയാഴ്ച രാത്രി പുറത്തിറക്കിയ വിഡിയോയില്‍ ഗാസയിലെ ആക്രമണം അവസാനിപ്പിക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്യുന്നത് വരെ എന്തു വിലകൊടുത്തും നിലപാട് തുടരുമെന്നും പറയുന്നുണ്ട്.
‘വലിയ വില നല്‍കേണ്ടി വരും’; ഹൂതികളോട് ബെന്യമിന്‍ നെതന്യാഹു, അടുത്തത് യെമന്‍?
അതേസമയം, ഹൂതികളുടെ ഉന്നത നേതൃത്വത്തെ വധിച്ച ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പങ്കെടുക്കുന്ന പ്രതിവാര കാബിനറ്റ് മീറ്റിങ് സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയെന്ന് നടക്കുമെന്ന് കാൻ പബ്ലിക് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച യെമന്‍ തലസ്ഥാനമായ സനായിലേക്ക് നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതി നേതൃത്വത്തെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്. ഹൂതി നേതാവ് അബ്ദുൾ മാലിക് അൽ-ഹൂതിയുടെ പ്രസംഗം കേൾക്കാൻ ഒത്തുകൂടിയ മുതിർന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാഴ്ചയ്ക്കിടെ സനായിലേക്ക് ഇസ്രയേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്.