yemen-netanyahu

Reuters File

ഞങ്ങളെ ആക്രമിക്കുന്നതാരാണെങ്കിലും വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. യെമനിലെ പ്രസിഡൻഷ്യൽ കൊട്ടാരമുള്ള സനായില്‍ ആക്രമണം നടത്തിയ ശേഷമായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഒരു സൈനിക കേന്ദ്രത്തെയും ഇന്ധന സംഭരണശാലയെയും രണ്ട് വൈദ്യുതി നിലയങ്ങളെയുമാണ് ഇസ്രായേൽ വ്യോമസേന ലക്ഷ്യമിട്ടത്. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരായ വ്യോമാക്രമണങ്ങൾ നിരീക്ഷിച്ച ശേഷം ടെൽ അവീവിലെ ഇസ്രായേൽ വ്യോമസേനയുടെ കമാൻഡ് സെന്ററിൽ നിന്ന് സംസാരിക്കവെയാണ് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയത്. 

‘ഞങ്ങളെ ആക്രമിക്കുന്നവരെ ഞങ്ങൾ തിരിച്ചടിക്കും. ആക്രമിക്കാൻ പദ്ധതിയിടുന്നവരെയും ഞങ്ങൾ തിരിച്ചടിക്കും. ഇസ്രായേലിന്റെ ശക്തിയും നിശ്ചയദാർഢ്യവും ഈ പ്രദേശം മുഴുവൻ മനസ്സിലാക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. ഇസ്രായേലിനെതിരായ ആക്രമണത്തിന് ഹൂതി ഭീകരഭരണകൂടം വലിയ വില നൽകേണ്ടിവരുമെന്നും അത് നൽകിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി’–ഹീബ്രു ഭാഷയിലുള്ള വീഡിയോ ആണ് നെതന്യാഹുവിന്റെ ഓഫിസ് പുറത്തുവിട്ടത്.

ഇസ്രായേൽ യെമനിലെ ഹൂതി പ്രസിഡൻഷ്യൽ കൊട്ടാരം നശിപ്പിച്ചതായി പ്രതിരോധ മന്ത്രി കാറ്റ്സ് അവകാശപ്പെട്ടു, എന്നാല്‍ ഈ വാര്‍ത്തകളോട് യെമന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.  ഹൂതികൾ ഇസ്രായേലിന് നേരെ ഒരു മിസൈൽ തൊടുത്താല്‍ അവർക്ക് പല മടങ്ങായി തിരിച്ചുകിട്ടുമെന്നും നെതന്യാഹു. 

ഇസ്രയേല്‍ നടത്തിയ നിരീക്ഷണത്തില്‍  നേരത്തേ ഹൂതികൾ ആദ്യമായി ഒരു ക്ലസ്റ്റർ ബോംബ് വാർഹെഡ് ഉള്ള മിസൈൽ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. യെമൻ തലസ്ഥാനമായ സനായിൽ ഞായറാഴ്ച നടന്ന ഇസ്രായേൽ ആക്രമണങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടതായി രാജ്യത്തെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ അറിയിച്ചു. ഹൂതി നിയന്ത്രണത്തിലുള്ള സാബ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇസ്രായേൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 86 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇരുപതിലധികം പേർ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. 

ENGLISH SUMMARY:

Israel Yemen conflict intensifies as Netanyahu issues a warning. The Prime Minister vows retaliation against attackers following airstrikes in Sanaa.