Image Credit: X/ @EliAfriatISR
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അല്‍– റഹാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ അഹമ്മദ് അല്‍ റഹാവിയും ഒപ്പമുണ്ടായിരുന്നവരും കൊല്ലപ്പെട്ടു എന്നാണ് യെമനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യാഴാഴ്ച യെമന്‍ തലസ്ഥാനമായ സനായിലേക്ക് നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതി നേതൃത്വത്തെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്. സനായ്ക്ക് പുറത്ത് ഹൂതി നേതാവ് അബ്ദുൾ മാലിക് അൽ-ഹൂതിയുടെ പ്രസംഗം കേൾക്കാൻ ഒത്തുകൂടിയ മുതിർന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാഴ്ചയ്ക്കിടെ സനായിലേക്ക് ഇസ്രയേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഹൂതികളുടെ രാഷ്ട്രീയ, സൈനിക നേതൃത്വത്തെയാണ് വ്യാഴാഴ്ചത്തെ അക്രമത്തില്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹൂതി പ്രധാനമന്ത്രി അൽ-റഹാവിയും അദ്ദേഹത്തിന്‍റെ കൂട്ടാളികളും കൊല്ലപ്പെട്ടതായാണ് യെമൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സനായിലെ അപ്പാര്‍ട്ട്മെന്‍റിലിരിക്കെയാണ് പ്രധാനമന്ത്രി കൊല്ലപ്പെട്ടതെന്ന് യെമനിലെ അൽ-ജുംഹുരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അൽ-റഹാവിക്കൊപ്പം അദ്ദേഹത്തിന്‍റെ കൂട്ടാളികളും കൊല്ലപ്പെട്ടതായി ആദൻ അൽ-ഗാദ് പത്രവും റിപ്പോർട്ട് ചെയ്തു.
വ്യോമാക്രമണത്തിൽ ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അൽ-അതിഫിയും ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുൽ-കരീം അൽ-ഗമാരിയും കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ സൈനിക വിഭാഗത്തെ ഉദ്ധരിച്ച് യൂറോന്യൂസ് റിപ്പോർട്ട് ചെയ്തു. 2016 മുതൽ പ്രതിരോധ മന്ത്രിയാണ് മുഹമ്മദ് നാസർ അൽ-അത്താഫി. ഹൂതികളുടെ സൈനിക വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മുഹമ്മദ് നാസറിന് ഇറാന്‍റെ റെവല്യൂഷണറി ഗാർഡുകളുമായും ഹിസ്ബുള്ളയുമായും അടുത്ത ബന്ധമുണ്ട്.
2014 ലെ ആഭ്യന്തര യുദ്ധം മുതല്‍ യെമന്‍റെ ഭരണം രണ്ട് ഭാഗങ്ങളിലാണ്. തലസ്ഥാനമായ സനാ അടക്കം വടക്കന്‍ ഭാഗങ്ങള്‍ ഹൂതികളുടെ നിയന്ത്രണത്തിലാണ്. തെക്കന്‍ ഭാഗങ്ങള്‍ ഏദന്‍ ആസ്ഥാനമായി പ്രസിഡന്‍റ് റഷാദ് അല്‍ അലിമിയുടെ നിയന്ത്രണത്തിലാണ്. ഈ സര്‍ക്കാറിനെയാണ് ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകൾ ഉൾപ്പെടുന്ന ഇസ്രയേൽ വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഹൂതികൾ.