ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സുരക്ഷാനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജാഗ്രതാനിര്‍ദേശം നല്‍കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇസ്രയേലിലേക്ക് യാത്രകള്‍ പരമാവധി ഒഴിവാക്കാനും നിര്‍ദേശം. മേഖലയിലെ സംഘര്‍ഷസാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്.
അതേസമയം, ഇറാനില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം നടപടികള്‍ തുടങ്ങി. ആദ്യസംഘം നാളെ പുറപ്പെട്ടേക്കും. വിദ്യാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിക്കുന്നത്. ടെഹ്റാനിലെ എംബസിയില്‍ റജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളോട് നാളെ രാവിലെ പ്രാദേശിക സമയം എട്ടുമണിക്ക് തയാറായിരിക്കാന്‍ നിര്‍ദേശം നല്‍കി. അന്തിമ പട്ടിക രാത്രിയോടെ തയാറാക്കും.
ഇറാനില്‍ ഇന്‍റെര്‍നെറ്റ് സേവനം വ്യാപകമായി തകരാറില്‍ ആയതിനാല്‍ പലര്‍ക്കും എംബസിയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ഇന്ത്യയിലുള്ള ബന്ധുക്കള്‍ക്ക് റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാന്‍ വ്യോമപാത അടച്ചതോടെ സ്വന്തം നിലയ്ക്ക് മടങ്ങാനുള്ള സാധ്യത അസ്തമിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുന്നത്.