Image credit: AP
മധ്യപൂര്‍വ പ്രദേശത്ത് ഇറാനെ കേന്ദ്രീകരിച്ച് സൈനിക വിമാനങ്ങളുടെ വിന്യാസം നടക്കുന്നതിനും ട്രംപിന്‍റെ ഭീഷണിക്കും പിന്നാലെ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി രഹസ്യത്താവളത്തിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്. ടെഹ്റാനിലെ ഭൂഗര്‍ഭ കേന്ദ്രത്തിലാണ് ഖമനയി ഇപ്പോള്‍ ഉള്ളതെന്നാണ് ഇറാന്‍ ഇന്‍റര്‍നാഷനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് ആക്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിന് പിന്നാലെയാണ് സുരക്ഷാര്‍ഥം ഖമനയി വാസസ്ഥലം മാറ്റിയത്.
പശ്ചിമേഷ്യയുടെ ഉറക്കം കെടുത്തിയ ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കെട്ടടങ്ങിയിട്ടും ട്രംപ് ഭീഷണി തുടരുകയായിരുന്നു. അമേരിക്കന്‍ യുദ്ധക്കപ്പലുകളും ഇറാന്‍ ലക്ഷ്യമാക്കി സഞ്ചാരം ആരംഭിച്ചുവെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ്എസ് ഏബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പലും ഇറാനിലേക്ക് നീങ്ങുകയാണെന്നും നിലവില്‍ ഇത് ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ഉള്ളതെന്നും യുഎസ് നേവി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി അസോസിയേറ്റഡ് പ്രസും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അമേരിക്കന്‍ ഭീഷണിക്ക് കടുത്ത ഭാഷയിലാണ് ഇറാനും മറുപടി നല്‍കിയത്. 'ഇസ്രയേലും അമേരിക്കയും ഏതെങ്കിലും തരത്തില്‍ അധിനിവേശത്തിന് മുതിര്‍ന്നാല്‍ പഴയത് പോലെയാവില്ല, ട്രിഗറിലാണ് വിരലുള്ളത്, ഞൊടിക്കേണ്ട താമസം മാത്രമേയുള്ളൂ'വെന്നായിരുന്നു ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ മുഹമ്മദ് പക്പോറിന്‍റെ മുന്നറിയിപ്പ്. ഇറാന് നേരെ ഇറങ്ങിപ്പുറപ്പെടുന്നതിന് മുന്‍പ് ചരിത്രത്തിലേക്ക് കൂടി ട്രംപ് നോക്കണമെന്നും ട്രംപിന്‍റെ സംസാരം വല്ലാതെ കൂടുന്നുവെന്നും ഇത്തവണ അതിനുള്ള മറുപടി സ്വന്തം മണ്ണില്‍ തന്നെ ലഭിക്കുമെന്നും ഇറാന്‍ സൈന്യത്തിന്‍റെ വ്യോമസേന ബ്രിഗേഡിയര്‍ ജനറല്‍ മജീദ് മൗലവിയും പ്രതികരിച്ചു.
ഇന്ത്യയ്ക്ക് നന്ദിയെന്ന് ഇറാന്‍
അമേരിക്കയുമായുള്ള വാക്പോര് കനക്കുന്നതിനിടെ ഇന്ത്യയ്ക്ക് അസാധാരണ നന്ദി പ്രകടിപ്പിച്ച് ഇറാന്‍. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇറാന് അനുകൂലമായി വോട്ട് ചെയ്തിനാണ് നന്ദി. തീര്‍ത്തും രാഷ്ട്രീയപ്രേരിതമായ കരടിനെതിരെ വോട്ട് ചെയ്തതിന് ഇറാന്‍ എക്കാലവും ഇന്ത്യന്‍ സര്‍ക്കാരിനോട് നന്ദിയുള്ളവരായിരിക്കുമെന്നായിരുന്നു ഇറാന്‍ അംബാസിഡര്‍ മുഹമ്മദ് ഫത്താ അലിയുടെ പ്രതികരണം.