ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ 50 ശതമാനം താരിഫ് ചുമത്താനുള്ള യു.എസ് തീരുമാനത്തിന് പിന്നില്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ വ്യക്തിപരമായ നീരസമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ–പാക്ക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ അനുവദിക്കാത്തതിലെ നീരസമാണ് ട്രംപ് നികുതി ചുമത്തിയതിന് കാരണമെന്ന് യുഎസ് ധനകാര്യസ്ഥാപനമായ ജെഫറീസ് പറയുന്നു.
ഇന്ത്യ–യുഎസ് സംഘര്‍ഷത്തില്‍ ഇടപെടാനും മധ്യസ്ഥത വഹിക്കാനാകുമെന്നും ട്രംപ് കരുതിയിരുന്നു. എന്നാല്‍ ട്രംപിന്‍റെ ആവശ്യത്തെ ഇന്ത്യ തള്ളി. ഇതാണ് ഇന്ത്യയ്ക്ക് മുകളില്‍ യുഎസ് താരിഫ് ചുമത്താനുള്ള കാരണമെന്ന് ജെഫറീസ് പറയുന്നു. 'ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ അനുവദിക്കാത്തതില്‍ അമേരിക്കന്‍ പ്രസിഡന്‍റിനുണ്ടായ വ്യക്തിപരമായ നീരസത്തിന്‍റെ അനന്തരഫലമാണ് തീരുവകള്‍' എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ കാരണം താനാണെന്ന് ഡൊണാൾഡ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം തുടര്‍ന്നാല്‍ ഇരു രാജ്യങ്ങള്‍ക്കും മേല്‍ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ട്രംപിന്‍റെ അവകാശവാദം. സംഘര്‍ഷം അവസാനിച്ചതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇന്ത്യ–പാക്ക് സംഘര്‍ഷത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
ട്രംപിന്‍റെ വ്യക്തിപരമായ വിരോധത്തിനൊപ്പം മറ്റു കാരണങ്ങളും ജെഫറീസ് നിരത്തുന്നുണ്ട്. കര്‍ഷകര്‍ക്കുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ പരിഗണിച്ച് ഇന്ത്യന്‍ സര്‍ക്കാറുകളൊന്നും കാര്‍ഷിക മേഖലയിലേക്ക് ഇറക്കുമതി അനുവദിക്കുന്നില്ല. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്‍റെ വാഗ്ദാനം സാധിക്കാത്തതും ഇന്ത്യ തുടര്‍ച്ചയായി റഷ്യന്‍ എണ്ണ വാങ്ങുന്നതുമാണ് ജെഫറീസ് നിരത്തുന്ന മറ്റു കാരണങ്ങള്‍. ഇന്ത്യ–പാക്ക് വിഷയത്തിലെ വിരോധമാണ് താരിഫിന് അടിസ്ഥാന കാരണമെന്ന് റിപ്പോർട്ട് ഊന്നിപറയുന്നുണ്ട്.