യു.എസിന്‍റെ തീരുവ ഭീഷണിക്കിടെ ഇന്ത്യ– ചൈന ബന്ധത്തില്‍ കാര്യമായ പുരോഗതി. വളം കയറ്റുമതിക്ക് അടക്കം ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കാന്‍ ധാരണയായി. ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തുന്ന ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ആണ് ഇക്കാര്യം അറിയിച്ചത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി വാങ് യീ ചര്‍ച്ചനടത്തി. പ്രധാനമന്ത്രിയുമായും വാങ് യീ കൂടിക്കാഴ്ച നടത്തും.
വളം, നിര്‍ണായ ധാതുക്കള്‍, തുരങ്കനിര്‍മാണത്തിനുള്ള യന്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ചൈന പിന്‍വലിക്കുന്നത്. കഴിഞ്ഞമാസം വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ വാങ്ങ് യീയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇന്ത്യ– ചൈന ബന്ധത്തില്‍ മുന്‍പ് ഉണ്ടായ തിരിച്ചടി ഇരു രാജ്യങ്ങളിലെയും ജനതാല്‍പര്യത്തിന് വിരുദ്ധമായിരുന്നുവെന്ന് വാങ് യീ പറഞ്ഞു. നിലവില്‍ അതിര്‍ത്തിയില്‍ സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മികച്ചതാക്കാന്‍ അനുയോജ്യമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് അജിത് ഡോവലും പ്രതികരിച്ചു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ഇന്ത്യ– ചൈന ശ്രമങ്ങളുടെ തുര്‍ച്ചയായിരുന്നു വാങ് യീ– ഡോവല്‍ കൂടിക്കാഴ്ച.
ഇന്നലെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും വാങ് യീ കൂടിക്കാഴ്ച നടത്തി. ഈ മാസം അവസാനം പ്രധാനമന്ത്രി നടത്താനിരിക്കുന്ന ചൈനീസ് സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് വാങ് യീ പറഞ്ഞു. യു.എസ്. തീരുവ ഭീഷണി ശക്തമായിരിക്കെ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് പ്രാധാന്യമേറെയാണ്.