യു.എസുമായുള്ള വ്യാപാര കരാറിന്‍റെ പൂര്‍ണരൂപം പുറത്തുവിട്ടില്ലെങ്കിലും തീരുവ കുറച്ചത് ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് കരുത്തുപകരും. യു.കെയും, യൂറോപ്യന്‍ യൂണിയനും കഴിഞ്ഞാല്‍ യു.എസ്. ഏറ്റവും കുറഞ്ഞ തീരുവ ഈടാക്കുന്ന രാജ്യമായി ഇന്ത്യമാറി. തിരിച്ചടി നേരിട്ട ടെക്സ്റ്റൈല്‍, സമുദ്രോല്‍പന്ന വിപണികള്‍ക്ക് വലിയ സാധ്യതകളാണ് തുറന്നുകിട്ടുന്നത്.

 

ടെക്സ്റ്റൈല്‍ കയറ്റുമതിയില്‍ ഇന്ത്യ കടുത്ത മല്‍സരം നേരിടുന്നത് ബംഗ്ലദേശ്, വിയറ്റ്നാം രാജ്യങ്ങളുമായാണ്. ഇരു രാജ്യങ്ങള്‍ക്കും യു.എസ്. 20 ശതമാനം തീരുവ ഈടാക്കുമ്പോള്‍ ഇന്ത്യക്ക് ഇനിയത് 18 ശമതാനം മാത്രം. നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നുറപ്പ്. രത്ന, ആഭരണ കയറ്റുമതിയാണ് നേട്ടമുണ്ടാക്കാന്‍ പോകുന്ന മറ്റൊരു മേഖല. യു.എസ് തീരുവ ഉയര്‍ത്തിയതോടെ കയറ്റുമതിയില്‍ 50 ശതമാനത്തിലേറെ കുറവു വന്നിരുന്നു. വലിയ പ്രതിസന്ധി നേരിട്ടിരുന്ന ചെമ്മീന്‍ അടക്കം സമുദ്രോല്‍പന്നങ്ങള്‍ക്കും യു.എസ്. വിപണി തുറന്നുകിട്ടുന്നത് വലിയ ആശ്വാസം പകരും.

 

ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങള്‍, മെഷിനറികള്‍, തുടങ്ങി എന്‍ജിനീയറിങ് മേഖല, കെമിക്കല്‍, ലെതര്‍ ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കെല്ലാം സാധ്യതയേറുന്നു. കയറ്റുമതി വര്‍ധിക്കുന്നത് എം.എസ്.എം.ഇകള്‍ക്കും ഗുണകരമാകും. അതേസമയം ഏതെല്ലാം മേഖലകളിലാണ് യു.എസിന് തീരുവയില്ലാതെ ഇറക്കുമതിക്ക് അനുമതി നല്‍കുന്നത് എന്നതുകൂടി വ്യക്തമായാലെ കരാര്‍ എത്രത്തോളം ഗുണകരമാണ് എന്ന് വിലയിരുത്താനാവു. കാര്‍ഷിക, ക്ഷീര മേഖല തുറന്നുനല്‍കില്ലെന്ന വാണിജ്യ മന്ത്രിയുടെ പ്രസ്താവന പ്രതീക്ഷ നല്‍കുന്നതാണ്.

ENGLISH SUMMARY:

The US trade deal, by reducing tariffs, is set to boost India's export sector significantly. This agreement opens up new avenues for Indian businesses, particularly in textiles and seafood, and is expected to lead to substantial export growth.