FILE PHOTO: A man speaks on his phone as he walks past the Reserve Bank of India (RBI) logo inside its headquarters in Mumbai, India, February 7, 2025. REUTERS/Francis Mascarenhas//File Photo
2026 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാറിന് കൈമാറുന്നത് 2.87 ലക്ഷം കോടി രൂപ. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഭ്യന്തര സമ്പദ്‍വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ആര്‍ബിഐയുടെ ആശ്വാസം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2.7 ലക്ഷം കോടി രൂപയാണ് ആര്‍ബിഐ ലാഭവിഹിതമായി കൈമാറിയത്.
വെള്ളിയാഴ്ച ആര്‍ബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. 2,86,588.46 കോടി രൂപയാണ് കൈമൈറുക. സാമ്പത്തിക വർഷത്തെ ഡിവിഡന്റ് വരുമാനത്തെക്കുറിച്ച് കേന്ദ്ര ധനമന്ത്രാലയം ബജറ്റിൽ കണക്കാക്കിയിരുന്ന തുകയേക്കാൾ വളരെ കുറവാണിത്.
ഇറാന്‍– യു.എസ് സംഘര്‍ഷ പശ്ചാത്തലത്തില്‍ സമ്പദ്‍വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ലഭിക്കുന്ന ആര്‍ബിഐ ലാഭവിഹിതം കേന്ദ്രത്തിന് സഹായമാകും. യുദ്ധം കാരണം അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് എത്തിയതോടെ രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവാണുണ്ടായത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഫണ്ടുകള്‍ പിന്‍വലിക്കുന്നതും ഇറക്കുമതിക്കായി ഉയർന്ന തുക നൽകേണ്ടി വന്നതും രൂപയ്ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. ഈ വർഷം ഡോളറിനെതിരെ രൂപയുടെ മൂല്യം ആറു ശതമാനത്തിലധികമാണ് ഇടിഞ്ഞത്.
ആഭ്യന്തര നിക്ഷേപങ്ങൾ, വിദേശനാണ്യ ശേഖരം എന്നിവയിൽ നിന്നുള്ള വരുമാനവും കറൻസി നോട്ടുകൾ അച്ചടിക്കുന്നതിൽ നിന്നുള്ള ഫീസും അടക്കമുള്ള വരുമാനത്തില്‍ നിന്നാണ് ആര്‍ബിഐ ലാഭവിഹിതം നല്‍കുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ വിദേശനാണ്യ ഇടപെടലുകളിൽ നിന്നുണ്ടായ നേട്ടവും നിക്ഷേപ വരുമാനവുമാണ് ഡിവിഡന്റ് ഉയര്‍ത്തിയത്. യു.എസ് ഡോളറിലുണ്ടായ ഏകദേശം 10 ശതമാനം ഇടിവുണ്ടായപ്പോള്‍ സ്വര്‍ണ വില 60 ശതമാനം ഉയര്‍ന്നത് ആര്‍ബിഐയുടെ ലാഭക്ഷമതയെ മെച്ചപ്പെടുത്തി.