വിദേശ നാണ്യം സംരക്ഷിക്കന്‍ റിസര്‍വ് ബാങ്ക് 1200 കോടി ഡോളറിന്‍റെ (ഏകദേശം 1,08,000 കോടി രൂപ) സ്വര്‍ണം വിറ്റെന്ന വാര്‍ത്ത തള്ളി കേന്ദ്ര സര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്‍റെ വിദേശ നാണ്യശേഖരം സംരക്ഷിക്കാന്‍ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങി എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആര്‍ബിഐയുടെ കയ്യിലുള്ള ഭൗതിക സ്വര്‍ണത്തിന്‍റെ അളവ് മാറ്റമില്ലെന്നും 880.52 ടണ്‍ സ്വര്‍ണം കയ്യിലുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കി. ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിലെ സ്വര്‍ണത്തിന്‍റെ പങ്ക് വര്‍ധിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. 2025 സെപ്റ്റംബര്‍ അവസാനത്തില്‍ 13.92 ശതമാനമായിരുന്നു സ്വര്‍ണ വിഹിതം. ഇത് 2026 മാര്‍ച്ച് പാദത്തില്‍ 16.70 ആയി ഉയര്‍ന്നു. 2026 മെയ് 22 വരെയുള്ള കണക്കുകൾ പ്രകാരം ഇത് വീണ്ടും വർധിച്ച് 16.85 ശതമാനത്തിലെത്തി, എന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറയുന്നത്.
മേയ് 22-ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ ആര്‍ബിഐ 1200 കോടി ഡോളറിന്‍റെ സ്വർണം വിറ്റഴിച്ചെന്നും ഇക്കാലയളവിൽ വിദേശ കറൻസി ആസ്തികളിൽ 7.5 ബില്യൺ ഡോളറിന്റെ വർധനവുണ്ടായെന്നുമായിരുന്നു ബ്ലൂംബെർഗ് റിപ്പോർട്ട്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയിട്ടും ആർബിഐയുടെ സ്വർണശേഖരത്തിന്റെ മൂല്യത്തിൽ കുറവുണ്ടായത് വിൽപന നടന്നുവെന്നതിന്റെ സൂചനയാണെന്നും ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.