ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചിപ്പിച്ച് റിപ്പബ്ലിക്കന്‍ സെനറ്ററുടെ എക്സ് പോസ്റ്റ്. ഇന്നലെ ചേര്‍ന്ന യോഗത്തിന് ശേഷമാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച് നിര്‍ണായ തീരുമാനം കൈക്കൊണ്ടതെന്ന് റിപ്പബ്ലിക്കന്‍ സെനറ്ററായ ലിന്‍സെ ഗ്രഹാം എക്സില്‍ കുറിച്ചു. റഷ്യന്‍ ഇന്ധനം വാങ്ങുന്നതിനാണ് ഉപരോധമെന്നും അടുത്ത ആഴ്ചയില്‍ ആദ്യം തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും ട്വീറ്റില്‍ പറയുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 500 ശതമാനം ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയത്. പലയാവര്‍ത്തി മുന്നറിയിപ്പ് ലഭിച്ചിട്ടും വക വയ്ക്കാത്തവര്‍ക്ക് വാഷിങ്ടണിന്‍റെ ശിക്ഷയാണിതെന്നും ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുന്നതിനായി ചൈനയ്ക്കും ഇന്ത്യയ്ക്കും ബ്രസീലിനും യുഎസ് വഴിവിട്ട സഹായം നല്‍കിയെന്നും ഇത് എന്നേക്കുമായി അവസാനിപ്പിക്കുമെന്നുമാണ് സൗത്ത് കാരലീനയില്‍ നിന്നുള്ള സെനറ്റര്‍ വ്യക്തമാക്കിയത്. പുട്ടിന്‍റെ യുദ്ധക്കൊതിക്ക് സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളെ ശിക്ഷിക്കാന്‍ ഏറ്റവും നല്ല അവസരം ഇതുതന്നെയാണെന്നും യുക്രെയ്ന്‍ സമാധാനത്തിനായി വലിയ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടും റഷ്യ വഴങ്ങുന്നില്ലെന്നും ഗ്രഹാം എക്സില്‍ കുറിച്ചു.
ഊര്‍ജ ഉല്‍പ്പന്നങ്ങള്‍ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് നിരോധിക്കുന്ന ബില്‍, റഷ്യന്‍ ഇന്ധനത്തില്‍ നിക്ഷേപം നടത്തുന്നതും വിലക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് ഉയര്‍ത്തുന്നത് പരിഗണനയിലാണെന്നും ട്രംപ് ആവര്‍ത്തിച്ചു. ബില്ലിന് ട്രംപ് പച്ചക്കൊടി കാട്ടിയെങ്കിലും കോണ്‍ഗ്രസ് വോട്ടിട്ട് പാസാക്കിയ ശേഷമേ ട്രംപിന്‍റെ മേശപ്പുറത്ത് എത്തുകയുള്ളൂ. റഷ്യയാണ് പ്രധാന ലക്ഷ്യമെങ്കിലും പ്രത്യക്ഷത്തില്‍ ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളാകും പ്രതിസന്ധി നേരിടേണ്ടി വരിക.
കഴിഞ്ഞ വര്‍ഷമാണ് ഇറക്കുമതിത്തീരുവയുടെ അമിതഭാരം ട്രംപ് ഇന്ത്യയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത്. റഷ്യന്‍ എണ്ണ വാങ്ങുന്നുവെന്ന് പറഞ്ഞ് 25 ശതമാനം അധികത്തീതീരുവയാണ് ചുമത്തിയത്. ഇതോടെ 50 ശതമാനമായിരുന്നു ഇന്ത്യ പല ഉല്‍പന്നങ്ങള്‍ക്കും തീരുവയിനത്തില്‍ മാത്രം നല്‍കേണ്ടി വന്നത്. ഇത് ഇന്ത്യയും യുഎസുമായുള്ള വാണിജ്യബന്ധത്തില്‍ വലിയ ഉലച്ചിലാണ് സൃഷ്ടിച്ചത്.145 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തിയതോടെ ചൈനയുമായുള്ള ബന്ധവും കൂടുതല്‍ വഷളായി. അതേ നാണയത്തില്‍ തിരിച്ചടിച്ച ചൈന, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 125 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു.