താരിഫ് ചുമത്താന്‍ തനിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചാല്‍ യു.എസിന് പ്രതിസന്ധിയാകുമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇതുവരെ പിരിച്ചെടുത്ത നികുതി പണം തിരിച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുമെന്നും ട്രംപ് വ്യക്തമാക്കി. പ്രസിഡന്‍റിന് ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് പ്രകാരം താരിഫ് ചുമത്താന്‍ അധികാരമുണ്ടോ എന്നാണ് കോടതി പരിശോധിക്കുന്നത്. വിധി വരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍കെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ട്രംപിന്‍റെ മുന്നറിയിപ്പ്.
''താരിഫ് തിരിച്ചടയ്ക്കുക എന്നത് ആകെ കുഴപ്പം പിടിച്ച ഏര്‍പ്പാടാണ്. നൂറുകണക്കിന് ബില്യൺ ഡോളറുകൾ അല്ലെങ്കിൽ ലക്ഷം കോടി ഡോളര്‍ ചെലവ് വരും. സാമ്പത്തിക പ്രത്യാഘാതവുമുണ്ടാകും. നമ്മുടെ രാജ്യത്തിന് പണം നൽകുന്നത് മിക്കവാറും അസാധ്യമായിരിക്കും'' എന്നിങ്ങനെയാണ് ട്രംപ് എഴുതിയത്. ഇറക്കുമതിക്കാര്‍ക്ക് മാത്രമായിരിക്കില്ല പണം തിരിച്ചു നല്‍കേണ്ടി വരിക. താരിഫ് ഒഴിവാക്കാന്‍ നിക്ഷേപം നടത്തിയ കമ്പനികള്‍ക്കും രാജ്യങ്ങള്‍ക്കും നല്‍കേണ്ട നഷ്ടപരിഹാരത്തെ പറ്റിയും ട്രംപ് സൂചിപ്പിച്ചു. സുപ്രീം കോടതി സർക്കാരിനെതിരെ പക്ഷം ചേർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് എന്ന ദേശീയ സുരക്ഷാ നിയമത്തിലൂടെ താരിഫ് നിശ്ചയിക്കാൻ ട്രംപിന് അധികാരമുണ്ടോ എന്ന് കോടതി പരിശോധിച്ചത്. ഈ നിയമപ്രകാരമാണ് ട്രംപ് ഭൂരിഭാഗം താരിഫും ചുമത്തിയിരിക്കുന്നത്. ഇവ നിയമവിരുദ്ധമാണെന്ന് കീഴ്ക്കോടതികള്‍ കണ്ടെത്തിയിട്ടുണ്ട്. സുപ്രീംകോടതിയിലെ കേസും എതിരായാല്‍ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് പ്രകാരം ലഭിച്ച തീരുവ യു.എസ് തിരികെ നല്‍കേണ്ട വരും. ബുധനാഴ്ച കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതിയുടെ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ബുധനാഴ്ചയോ അല്ലെങ്കില്‍ വരും ആഴ്ചകളിലൊരു ദിവസമോ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.