ഷി ചിന്‍പിങ്

യുഎസിന്‍റെ ഇറക്കുമതി തീരുവയില്‍ താല്‍കാലിക ആശ്വാസമുണ്ടെങ്കിലും ട്രംപിനെ കണ്ണും പൂട്ടി വിശ്വസിക്കാന്‍ ചൈന തയാറല്ല. അതുകൊണ്ട് സമ്പദ് വ്യവസ്ഥ താഴെപ്പോകാതെയിരിക്കാനുള്ള നടപടികള്‍ ചൈന ഊര്‍ജിതമാക്കിക്കഴിഞ്ഞു. 45 വയസിന് താഴെയുള്ള ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍, ഗവേഷകര്‍ എന്നുവേണ്ട പേരുകേട്ട സര്‍വകലാശാലകളില്‍ നിന്ന്  ബിരുദം നേടിയിട്ടുള്ളവരെ വരെ ഇരുകൈയും നീട്ടി വിളിക്കുകയാണ് ചൈന. ട്രംപ് അമേരിക്കയുടെ വാതിലടയ്ക്കുമ്പോള്‍ പരിഷ്കരിച്ച കെ–വീസയിലൂടെ പ്രതിഭകള്‍ക്ക് പരവതാനി വിരിച്ച് കാത്തിരിക്കുകയാണെന്ന് ചുരുക്കം. 

ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ നയം നിലവില്‍ വരിക. നിലവിലുള്ള 12 സാധാരണ വീസകളില്‍ നിന്ന്  വീസാ കാലാവധി, ചൈനയില്‍ തങ്ങാനുള്ള കാലയളവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ അപേക്ഷകന് നേട്ടമേറെ കെ–വീസ വാഗ്ദാനം ചെയ്യുന്നുണ്ട്. കെ–വീസയിലെത്തുന്നവര്‍ക്ക് വിദ്യാഭ്യാസം, സാംസ്കാരികം, സയന്‍സ് ആന്‍റ് ടെക്നോളജി എന്നിവയ്ക്ക് പുറമെ സംരംഭക രംഗത്തും വ്യാപാര രംഗത്തും പ്രവര്‍ത്തിക്കാന്‍ കഴിയും. മുന്‍പത്തെ നിയമം അനുസരിച്ച് പ്രാദേശിക തൊഴില്‍ദാതാവില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ ചൈനയിലേക്ക് തൊഴില്‍ തേടി എത്താന്‍ നിര്‍ബന്ധമായിരുന്നു. മാത്രവുമല്ല വയസ്, വിദ്യാഭ്യാസ യോഗ്യത, അനുഭവ സമ്പത്ത് എന്നിവയും വലിയ ഘടകങ്ങളായിരുന്നു. ഇവയെല്ലാമാണ് പരിഷ്കാരത്തിലൂടെ ചൈന പൊളിച്ചെഴുതുന്നത്. 

പാശ്ചാത്യ രാഷ്ട്രങ്ങളെ പോലും അമ്പരപ്പിക്കുന്ന നീക്കമാണിതെന്നാണ് സംരംഭകനായ അര്‍നോഡ് ബെര്‍ട്രാന്‍ഡ് ചൈനീസ് നീക്കത്തെ വിലയിരുത്തുന്നത്. കുടിയേറ്റം പ്രോല്‍സാഹിപ്പിക്കാത്ത രാജ്യത്തില്‍ നിന്നും നൈപുണ്യമുള്ളവര്‍ക്കായി ചൈന വാതിലുകള്‍ തുറക്കുകയാണെും അദ്ദേഹം പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ വലയുന്നവരെക്കൂടാതെ യുഎസില്‍ നിന്ന് നാടുകടത്തല്‍ ഭീഷണിയിലുള്ളവരും ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തിയേക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. 

നിര്‍മിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, അഡ്വാന്‍സ്ഡ് മാനുഫാക്ച്വറിങ് എന്നീ രംഗങ്ങളില്‍ മുന്‍നിരയിലാണ് നിലവില്‍ ചൈന. ഇതിനൊപ്പം പ്രതിഭകളെ കൂടി രാജ്യത്തേക്ക് എത്തിക്കുന്നതോടെ കൂടുതല്‍ മികവ് കൈവരിക്കാന്‍ കഴിയുമെന്നും ചൈന പ്രതീക്ഷിക്കുന്നു. പ്രതിഭകളെ റാഞ്ചാനുള്ള ചൈനീസ് നീക്കം മറ്റു രാജ്യങ്ങള്‍ക്ക് ക്രമേണെ ഭീഷണിയായേക്കാമെന്നും വിലയിരുത്തലുണ്ട്.ജൂലൈ അവസാനത്തോടെ  വിനോദസഞ്ചാരികള്‍ക്കായി വീസ ഫ്രീ എന്‍ട്രിയും ചൈന കൊണ്ടുവന്നിരുന്നു. ഇത് ചൈനയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കിന് വേഗം കൂട്ടുമെന്നും പ്രതീക്ഷിക്കുന്നു. 2025 ലെ ആദ്യ ആറുമാസക്കാലത്ത് മാത്രം 38.05 മില്യണ്‍ യാത്രകളാണ് വിദേശികള്‍ ചൈനയിലേക്കും ചൈനയില്‍ നിന്നുമായി നടത്തിയതെന്ന് നാഷനല്‍ ഇമിഗ്രേഷന്‍ അഡ്മിനിസ്ട്രേഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30.2 ശതമാനം കൂടുതലാണിത്.

ENGLISH SUMMARY:

China's new K-Visa policy is attracting global talent amidst trade tensions and stricter immigration policies elsewhere. This strategic move aims to boost its economy by recruiting skilled workers in key sectors.