File Image Credits: AFP (Left), Reuters (Right)
അടുത്തമാസം മുതല്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്താന്‍ തീരുമാനം. അമേരിക്കന്‍ നികുതി ഭീഷണിയുള്‍പ്പടെയുള്ള നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിലാണ് സുപ്രധാന നീക്കത്തിന് ഇരു രാജ്യങ്ങളും തയാറെടുക്കുന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് 19 മഹാമാരിക്കാലത്താണ് നേരിട്ടുളള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. മഹാമാരി ഒഴിഞ്ഞിട്ടും വിലക്ക് തുടരുകയായിരുന്നു. ഇക്കാലയളവില്‍ യാത്ര ചെയ്തിരുന്നവര്‍ സിംഗപ്പുര്‍, ഹോങ്കോങ് എന്നിവര്‍ വഴിയാണ് യാത്ര ചെയ്തിരുന്നത്.
ചൈനയിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ തയാറെടുക്കണമെന്ന് രാജ്യത്തെ വിമാനക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വൈകാതെയുണ്ടാകുമെന്നും ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ചൈനയില്‍ ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയിലാണ് ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 31ന് പ്രധാനമന്ത്രി മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റഷ്യയില്‍ നിന്നും ഇന്ത്യ ഇന്ധനം വാങ്ങുന്നതില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇടഞ്ഞതോടെ ഇന്ത്യ–യുഎസ് ബന്ധം എക്കാലത്തെയും മോശം അവസ്ഥയിലാണിപ്പോള്‍. റഷ്യയോടുള്ള കലി തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് 50 ശതമാനമാണ് ട്രംപ് ഇറക്കുമതിത്തീരുവയായി ചുമത്തിയിരിക്കുന്നത്.
യുഎസുമായുള്ള ബന്ധം വഷളായതിന് പിന്നാലെ വാഷിങ്ടണിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുന്നതായി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ന്യൂ യോര്‍ക്കിലേക്കും സന്‍ഫ്രാന്‍സിസ്കോയിലേക്കും എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തുന്നുണ്ട്. വാഷിങ്ടണിലേക്ക് നടത്തിയിരുന്ന സര്‍വീസുകള്‍ ചൈനയിലേക്ക് എയര്‍ ഇന്ത്യ മാറ്റാനുള്ള സാധ്യകളും തള്ളാനാവില്ല. എയര്‍ ഇന്ത്യയ്ക്ക് പുറമെ ഇന്‍ഡിഗോയും ചൈനയിലേക്ക് നേരിട്ടുള്ള സര്‍വീസ് നടത്തിയേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2020ലെ അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ– ചൈന ബന്ധം വഷളായിരുന്നു. 20 സൈനികരാണ് ഇന്ത്യയ്ക്ക് അന്ന് നഷ്ടമായത്. നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.