എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
തങ്ങളുടെ ഏറ്റവും വലിയ റെയില്‍വേ പദ്ധതികളില്‍ ഒന്നായ ഷിൻജിയാങ്– ടിബറ്റ് റെയില്‍വേ ലൈന്‍ നിര്‍മ്മാണം ആരംഭിക്കാന്‍ ചൈന ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ യഥാർഥ നിയന്ത്രണ രേഖയോടു ചേർന്നാണ് ചൈനയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ റെയില്‍വേ ലൈന്‍ കടന്നുപോകുന്നത്. 2008 മുതൽ പദ്ധതി ചൈന ആസൂത്രണം ചെയ്തു വരുന്നുണ്ട്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
95 ബില്യൺ യുവാൻ അഥവാ 13.2 ബില്യൺ യുഎസ് ഡോളറാണ് പദ്ധതിക്ക് പ്രാരംഭ ചിലവ് പ്രതീക്ഷിക്കുന്നത്. ചൈന സ്റ്റേറ്റ് റെയിൽവേ ഗ്രൂപ്പിന് കീഴിലുള്ള ഷിൻജിയാങ്- ടിബറ്റ് റെയിൽവേ കമ്പനിയായിരിക്കും പദ്ധതിയുടെ മേൽനോട്ടം വഹിക്കുക. പാതയുടെ ചില ഭാഗങ്ങൾ ചൈന- ഇന്ത്യ യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപത്തുകൂടി കടന്നുപോകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കുൻലുൻ, കാരക്കോറം, കൈലാഷ്, ഹിമാലയൻ പർവതനിരകൾ എന്നിവയുൾപ്പെടെയുള്ള ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയായിരിക്കും പാത കടന്നുപോകുക.
ടിബറ്റിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാനുള്ള ചൈനയുടെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഷിൻജിയാങ്-ടിബറ്റ് റെയിൽവേ. ഷിൻജിയാങിലെ ഹോട്ടാനിനെയും ടിബറ്റിലെ ലാസയെയുമാണ് പാത ബന്ധിപ്പിക്കുക. ഇത് വടക്കുപടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ചൈനയ്ക്കിടയില്‍ 2,000 കിലോമീറ്റർ ദൈർഘ്യമുള്ള തന്ത്രപ്രധാന പാതയായി മാറും. ചൈനയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് അടിസ്ഥാന സൗകര്യങ്ങൾ കുറവായ അതിര്‍ത്തി പ്രദേശത്തിന്‍റെ പ്രതിരോധ പ്രാധാന്യവും വര്‍ധിപ്പിക്കും. റിയൽ എസ്റ്റേറ്റ് വികസനം, ടൂറിസം, അന്താരാഷ്ട്ര കരാറുകള്‍ എന്നിവയുൾപ്പെടെ ടിബറ്റിൽ ചൈന വികസിപ്പിക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പുതിയ ഷിൻജിയാങ്- ടിബറ്റ് റെയിൽ പാത മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്. ALSO READ: ചൈനയെ പിണക്കാതെ ട്രംപ്; അധികത്തീരുവ മൂന്ന് മാസത്തേക്ക് കൂടി ഇല്ല; വീണ്ടും ലക്ഷ്യം ഇന്ത്യ?
വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ– ചൈന ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കവേയാണ് ചൈനയുടെ റെയില്‍വേ ലൈന്‍ പദ്ധതി ആരംഭിക്കുന്നത്. 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിൽ ഇന്ത്യ പിടിച്ചെടുത്ത അക്‌സായ് ചിൻ പ്രദേശത്തിന് സമീപം കൂടി കടന്നുപോകുന്ന റെയില്‍വേ ലൈന്‍ ഇന്ത്യ– ചൈന ബന്ധത്തിലും സ്വാധീനം ചെലുത്തിയേക്കാം. യഥാർഥ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള അടിസ്ഥാന സൗകര്യ വികസനം മേഖലയിലെ ചൈനയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. അതിനാല്‍ തന്നെ ഇന്ത്യ ഇക്കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.