കഴിഞ്ഞദിവസമാണ് ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ അൽ ജസീറ മാധ്യമപ്രവര്‍ത്തകന്‍ അനസ് അൽ ഷരീഫ് കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പുറത്തു വന്നത്. അനസ് അൽ ഷരീഫ് ഹമാസിന്‍റെ സായുധ സംഘത്തിലെ നേതാവാണെന്നും ഇസ്രയേലിനെ ആക്രമിക്കുന്നതില്‍ പങ്കുവഹിച്ചെന്നുമായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്‍റെ ആരോപണം. എന്നാല്‍ അനസിന്‍റെ മരണത്തിന് പിന്നാലെ അനസും മകളും തമ്മില്‍ ഗാസയെക്കുറിച്ച് സംസാരിക്കുന്ന ഒരു വിഡിയോയാണ് ഇന്‍റര്‍നെറ്റില്‍ കണ്ണീരു പടര്‍ത്തുന്നത്.
വിഡിയോയില്‍ അനസ് തന്‍റെ മകളോട് ഗാസ വിട്ടുപോകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. ഖത്തർ, ജോർദാൻ, ഈജിപ്ത്, തുർക്കി... എന്നിങ്ങനെ രാജ്യങ്ങളുടെ പേരുകളും പറയുന്നു. എന്നാല്‍ അപ്പോളെല്ലാം തനിക്ക് ഗാസയില്‍ തുടരണമെന്ന് അനസിന്‍റെ മകള്‍ നിര്‍ബന്ധം പിടിക്കുന്നതും കാണാം. വിഡിയോ അവസാനിക്കുന്നതിന് മുന്‍പ് അനസ് മകളോട്, അവള്‍ക്ക് പറയാനുള്ളത് ലോകത്തോട് പറയാന്‍ ആവശ്യപ്പെടുന്നുണ്ട്. തുടര്‍ന്ന് ‘നമ്മൾ പോകുന്നില്ല’ എന്ന് ആ കുഞ്ഞ് തറപ്പിച്ച് പറയുന്നു. ആ വിഡിയോയാണ് നോവ് പടര്‍ത്തുന്നത്.
നേരത്തെ അനസ് അൽ ഷെരീഫിന്‍റെ അവസാന സന്ദേശവും ചര്‍ച്ചയായിരുന്നു. ഇതിന്‍റെ അവസാന സന്ദേശവും വിൽപ്പത്രവുമാണെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ‘ഇത് നിങ്ങളിലെത്തുമ്പോള്‍ ഇസ്രയേൽ എന്നെ കൊലപ്പെടുത്തിയെന്നും എന്‍റെ ശബ്ദം ഇല്ലാതാക്കിയിരിക്കും. സമാധാനവും കരുണയും ദൈവത്തിന്‍റെദൈവത്തിന്റെ അനുഗ്രവും നിങ്ങളിൽ ഉണ്ടാകട്ടെ... ജനങ്ങളുടെ ശബ്ദമാകാൻ ഞാൻ എത്ര പരിശ്രമിച്ചുനെമ്മ് ദൈവത്തിനറിയാം' കുറിപ്പില്‍ പറയുന്നു. നേരത്തെ തയ്യാറാക്കി വെച്ച കുറിപ്പ് മരണത്തിന് പിന്നാലെ സുഹൃത്ത് പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അനസ് അൽ ഷരീഫ് ഉൾപ്പെടെ നാല് മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിയിലെ ഷിഫ ആശുപത്രിക്ക് സമീപം ഒരു ടെന്‍റിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. ഗാസയിലെ യാഥാർഥ്യങ്ങൾ പുറംലോകത്തെ അറിയിച്ചതിനാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്ന് അൽ ജസീറയും മാധ്യമ അവകാശ സംഘടനകളും പറയുന്നു. അതേസമയം, യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ 200 ഓളം മാധ്യമ പ്രവർത്തകര്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്.