2022 ലായിരുന്നു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപിന്‍റെ മരണം. ഇവാനയുടെ മൃതദേഹമാകട്ടെ ന്യൂ ജേഴ്സിയിലെ ഒരു ഗോള്‍ഫ് ക്ലബ്ബിലാണ് ട്രംപ് അടക്കം ചെയ്തത്. രണ്ട് വര്‍ഷത്തിനിപ്പുറം ഇവാനയുടെ സംസ്കാരം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ചോദ്യം വേറൊന്നുമല്ല, എന്തായിരുന്നു ട്രംപിന്‍റെ ആ അസാധാരണ തീരുമാനത്തിന് പിന്നില്‍?
ഇവാന ട്രംപ്
മന്‍ഹട്ടണിലെ വീട്ടില്‍ വീണതിന് പിന്നാലെയാണ് 73 കാരി ഇവാന ട്രംപിന്‍റെ മരണം സംഭവിക്കുന്നത്. പരമ്പരാഗത ശവസംസ്കാര രീതികളില്‍ നിന്നും വ്യത്യസ്തമായി ന്യൂജേഴ്‌സിയിലെ ബെഡ്മിൻസ്റ്ററിലുള്ള ട്രംപ് നാഷണൽ ഗോൾഫ് കോഴ്‌സിലായിരുന്നു ഇവാനയുടെ സംസ്കാരം. ഒരു സ്മാരകം പോലുമില്ലാതെയുളള ഈ സംസ്കാരം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ട്രംപിന്‍റെ മറ്റൊരു സാമ്പത്തിക തന്ത്രം എന്ന പേരിലാണ് ഇതും അന്നുമുതല്‍ വിലയിരുത്തപ്പെട്ടത്.
ന്യൂജേഴ്സിയുടെ സ്റ്റേറ്റ് ടാക്സ് കോഡ് അനുസരിച്ച് സംസ്കാരച്ചടങ്ങിനായി ഉപയോഗിക്കുന്ന ഭൂമി അത് ഏത് ഭൂമിയായാലും എല്ലാ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടും. റിയല്‍ എസ്റ്റേറ്റ് നികുതിപോലും ഉണ്ടായിരിക്കില്ലെന്ന് സാരം. ബിസിനസ് നികുതി, വിൽപ്പന നികുതി, ആദായനികുതി, അനന്തരാവകാശ നികുതി, വ്യക്തിഗത സ്വത്ത് നികുതി എന്നിവയും ഒഴിവാക്കപ്പെടും. അതായത് ഗോള്‍ഫ് കോഴ്സിന്‍റെ ഒരു ഭാഗം ഇവാനയുടെ സംസ്കാരച്ചടങ്ങിനായി മാറ്റിവച്ചതോടെ ഈ നികുതികളില്‍ നിന്ന് 525 ഏക്കർ വിസ്തൃതിയുള്ള ഗോള്‍ഫ് കോഴ്സും ഒഴിവാക്കപ്പെടുകയായിരുന്നു.
‘ഡോണള്‍ഡ‍് ട്രംപ് തന്റെ മുൻ ഭാര്യയെ ഗോൾഫ് കോഴ്‌സിൽ അടക്കം ചെയ്തത് എന്തിനാണ്? അതൊരു തന്ത്രമായിരുന്നു’ എന്ന തലക്കെട്ടുള്ള ഒരു പോസ്റ്റ് അടുത്തിടെ ഒരു ഇന്‍സ്റ്റഗ്രാം പേജ് പങ്കുവയ്ക്കുകയുണ്ടായി. ഒരുഭാഗത്ത് ഇവാനയുടെ കല്ലറയുള്ളതുകൊണ്ട് ട്രംപ് ആ സ്ഥലം സംസ്കാരച്ചടങ്ങിന് ഉപയോഗിച്ച ഭൂമിയായി രജിസ്റ്റർ ചെയ്തിരിക്കാം എന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഇത് മുഴുവൻ ഗോൾഫ് കോഴ്‌സിനും നികുതി ഇളവ് നൽകിയതായും ഇത്തരത്തില്‍ ലക്ഷക്കണക്കിന് ആളുകൾ നികുതി ലാഭിക്കാൻ ഈ സാധ്യത ഉപയോഗപ്പെടുത്തിയിരിക്കാം എന്നും പോസ്റ്റില്‍ പരാമര്‍ശിക്കുന്നു.
എന്നാല്‍ വിവാദങ്ങള്‍ തലപൊക്കിയപ്പോള്‍ തന്നെ ട്രംപ് ഈ അവകാശവാദങ്ങൾ തള്ളിക്കളയുകയും ആ സ്ഥലത്ത് അടക്കം ചെയ്യാനായിരുന്നു തന്‍റെ ആഗ്രഹമെന്ന് പറയുകയും ചെയ്തിരുന്നു. വളരെ മനോഹരമായ ഭൂമിയാണ് എന്നാണ് ട്രംപ് സ്ഥലത്തെക്കുറിച്ച് പറയുന്നത്. തന്റെ പ്രിയപ്പെട്ട സ്വത്തായതിനാലാണ് ഇവാനയെ അടക്കം ചെയ്യാന്‍ ഈ സ്ഥലം തിരഞ്ഞെടുത്തതെന്നാണ് ട്രംപിന്‍ ഉദ്ധരിച്ചത് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ചെക്കൊസ്ലൊവാക്യയിൽ ജനിച്ച ഇവാന 1970കളിലാണ് യുഎസിലേക്ക് കുടിയേറിയത്. 1977ൽ ഡോണൾഡ് ട്രംപിനെ വിവാഹം കഴിച്ചു. 1992ൽ ഇരുവരും വിവാഹമോചിതരായി. ഡോണൾഡ‍് ട്രംപ് ജൂനിയർ, ഇവാൻക ട്രംപ്, എറിക് ട്രംപ് എന്നിവർ മക്കളാണ്.