പ്രതീകാത്മക എഐ ചിത്രം ( നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
ഭാര്യയുമായി പിരിഞ്ഞതിന് പിന്നാലെ ഭക്ഷണപാനീയങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ച് ബീയര്‍ മാത്രം കുടിച്ച് കഴിഞ്ഞ യുവാവ് ഒരു മാസത്തിന് ശേഷം മരിച്ചു. തായ്ലന്ഡിലെ ബാന്‍ ചാങ് സ്വദേശിയായ ത്വാസാക് നാംവോങ്സയാണ് മരിച്ചത്. ത്വാസാകിന്‍റെ കൗമാരക്കാരനായ മകനാണ് അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും നൂറിലേറെ ബീയര്‍ കുപ്പികളും ചിതറിക്കിടന്നിരുന്നു.
വിവാഹമോചനത്തിന് പിന്നാലെ 16കാരനായ മകനുമൊത്താണ് ത്വാസാക് കഴിഞ്ഞിരുന്നത്. മകന്‍ ഭക്ഷണമുണ്ടാക്കി ചൂടോടെ നല്‍കിയിട്ടും ഒരിക്കല്‍ പോലും കഴിക്കാന്‍ ത്വാസാക് കൂട്ടിക്കിയില്ല. ഒരുമാസമായി ബീയര്‍ മാത്രമായിരുന്നു അകത്താക്കിയിരുന്നത്. കഴിഞ്ഞ ദിവസം കുട്ടി സ്കൂളില്‍ നിന്നെത്തിയപ്പോഴാണ് ത്വാസാകിനെ ബോധരഹിതനായി കിടപ്പുമുറിയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടിയന്തര രക്ഷാ സംഘത്തെ വിവരമറിയിച്ചു. മെഡിക്കല്‍ സംഘമെത്തി പരിശോധിക്കുമ്പോഴേക്കും ത്വാസാകിന് ജീവന്‍ നഷ്ടമായിരുന്നു.
കിടപ്പുമുറിയിലാകെ ബീയര്‍ ബോട്ടിലുകളായിരുന്നുവെന്നും നടന്ന് കയറാന്‍ പോലും ബുദ്ധിമുട്ടിയെന്നും സ്ഥലത്തെത്തിയ മെഡിക്കല്‍ ടീം വെളിപ്പെടുത്തി. കുന്നുകൂടിക്കിടന്ന കുപ്പികള്‍ വകഞ്ഞുമാറ്റിയാണ് ത്വാസാക് കിടന്ന കട്ടിലിനരികിലേക്ക് എത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമിതമായ മദ്യപാനത്തെ തുടര്‍ന്നാണ് ത്വാസാക് കുഴഞ്ഞു വീണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഈ ആഴ്ച അവസാനത്തേക്കാണ് പോസ്റ്റുമോര്‍ട്ടം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.