Photo: instagram/ Sophie Vouzelau
പ്രണയിനിയെ കാണാന്‍ മൈലുകള്‍ താണ്ടി ചെന്ന യുവാവ്, വീടിന്‍റെ കോളിങ് ബെല്‍ അടിച്ചപ്പോള്‍ എതിരേറ്റത് യുവതിയുടെ ഭര്‍ത്താവ്..!ബെല്‍ജിയന്‍ സ്വദേശിയായ മൈക്കിള്‍ എന്ന യുവാവിനാണ് ഞെട്ടലും നിരാശയും നിറഞ്ഞ അനുഭവമുണ്ടായത്.
കാമുകിയെ കാണാന്‍ 800 കിലോമീറ്ററുകളോളം യാത്ര ചെയ്താണ് യുവാവ് എത്തിയത്. വീട്ടുവാതില്‍ തുറന്നപ്പോള്‍ ‘കാമുകി’യുടെ ഭര്‍ത്താവിനെ കണ്ട യുവാവ് അമ്പരന്നു. ഫ്രാന്‍സില്‍ മോഡലായ യുവതിയും ഭര്‍ത്താവുമാകട്ടെ യുവാവ് എന്തിനാണ് വന്നതെന്ന് അറിഞ്ഞപ്പോള്‍ ആകെ അമ്പരന്നുപോകുകയും ചെയ്തു. മൈക്കിളിനെ ആരോ സോഷ്യല്‍ മീഡിയയിലൂടെ വഞ്ചിച്ചാതാകാമെന്നാണ് മോഡലായ സോഫി വൗസെലോഡ് പറയുന്നത്. തന്‍റെ ഭര്‍ത്താവ് ഫാബിയന്‍ ബൗട്ടമിനാണെന്നും വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാകാം മൈക്കിള്‍ വഞ്ചിതനായെതെന്നും സോഫി പറയുന്നു. ഫ്രഞ്ച് ഭാഷയിൽ അടിക്കുറിപ്പോടെ സോഫി വോസെലൗഡ് ഇൻസ്റ്റാഗ്രാമിൽ ഇതുമായി ബന്ധപ്പെട്ട വിഡിയോ പങ്കുവെയ്ക്കുകയും ചെയ്തു.
‘ഈ മനുഷ്യനോട് എനിക്ക് വളരെ സഹതാപമുണ്ട്... വ്യാജ അക്കൗണ്ടുകൾ സൂക്ഷിക്കുക. ഇത് യഥാർത്ഥമാണെന്ന് കാണിക്കാനും എല്ലാവരോടും ജാഗ്രത പാലിക്കാൻ അഭ്യർത്ഥിക്കാനുമാണ് ഞാൻ ഈ വിഡിയോ പങ്കിടുന്നത്. സ്വയം ശ്രദ്ധിക്കൂ’ എന്നാണ് യുവതി വിഡിയോക്കൊപ്പം കുറിച്ചത്. കൂടിക്കാഴ്ച്ചയുടെ വിഡിയോയും യുവതിയുടെ ഭര്‍ത്താവ് തന്നെ പകര്‍ത്തിയിരുന്നു. 'എനിക്കിത് വിഡിയോ എടുക്കണം, കാരണം ഒരാള്‍ എന്‍റെ വാതില്‍ക്കല്‍ കോളിങ് ബെല്‍ അടിച്ചിട്ട് പറയുന്നു, 'ഞാന്‍ സോഫി വൗസെലോഡിന്‍റെ ഭാവി ഭര്‍ത്താവാണ്' എന്ന്,-ബൗട്ടമിന്‍ ദൃശ്യങ്ങളില്‍ വിവരിച്ചു. മൈക്കിള്‍ തന്‍റെ അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുന്നതും ബൗട്ടമിന്‍ ഇതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ മൈക്കിളിനെ സഹായിക്കുന്നതും വിഡിയോയിലുണ്ട്.
'അവള്‍ എന്നെ കബളിപ്പിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്' എന്ന് മൈക്കിള്‍ തിരിച്ചുപോകുന്നതിനിടയില്‍ വിളിച്ചുപറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. സോഫി എന്ന പേരിലുള്ള ആള്‍ക്ക് താന്‍ 35,000 ഡോളര്‍ അയച്ചുകൊടുത്തിരുന്നുവെന്നും മൈക്കിള്‍ പറയുന്നുണ്ട്. 'എന്‍റെ ഭാര്യയല്ല മെസ്സേജുകള്‍ അയച്ചത്, അത് വ്യാജ അക്കൗണ്ടുകളാണ്' എന്ന് ബൗട്ടമിന്‍ മറുപടിയും നല്‍കുന്നുണ്ട്.