കഷണ്ടി നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരവുമായി ചരിത്രത്തിൽ ആദ്യമായി ഒരു മരുന്നെത്തുന്നു. പുരുഷന്മാരെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ആൻഡ്രോജെനിക് അലോപീഷ്യയോ (androgenic alopecia) അഥവാ മുടികൊഴിച്ചില്‍. സാധാരണയായി ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ തുടക്കത്തിലുമൊക്കെയാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. തലയോട്ടിയിലെ മുടി കൊഴിയുകയും പിന്നീട് മുടി തിരികെ വളരാതിരിക്കുകയും ചെയ്യുന്നു.
മുടിയുടെ കട്ടി കുറയുന്നതും കഷണ്ടി കയറുന്നതുമെല്ലാം ആൻഡ്രോജെനിക് അലോപീഷ്യയോ (androgenic alopecia) ലക്ഷണങ്ങളാണ്. ഈ വിഷയത്തിൽ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. കഷണ്ടി മാറ്റാമെന്ന് അവകാശപ്പെട്ട് നിരവധി മരുന്നുകൾ വിപണിയിൽ എത്തിയിട്ടുണ്ടെങ്കിലും സാരമായ മാറ്റങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. എന്നാൽ, ക്ലാസ്കോടെറോൺ (clascoterone) എന്ന മരുന്ന് കഷണ്ടി പൂര്‍ണമായും ഇല്ലാതാക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അയർലൻഡിലെ കോസ്മോ ഫാർമസ്യൂട്ടിക്കൽസ് മരുന്നിന്‍റെ ഫേസ് 3 ട്രയലുകളുടെ ഫലങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
1,500 പുരുഷന്മാരുള്ള രണ്ട് ഗ്രൂപ്പുകളെയാണ് മരുന്നിന്‍റെ ട്രയലിന് വിധേയമാക്കിയത്. ഇതില്‍ ഒരു ഗ്രൂപ്പിന് പ്ലാസിബോയും, മറ്റേ ഗ്രൂപ്പിന് ക്ലാസ്കോടെറോണും നൽകി. ആദ്യത്തെ ട്രയലിൽ, മരുന്ന് 539 ശതമാനവും മറ്റൊരു ട്രയലിൽ മരുന്ന് 168 ശതമാനവും ഫലം കാണിച്ചു. മരുന്ന് തികച്ചും സുരക്ഷിതമാണെന്നും പാർശ്വഫലങ്ങളില്ലെന്നുമാണ് നിർമാതാക്കളായ കോസ്മോ ഫാർമസ്യൂട്ടിക്കൽസ് പറയുന്നത്.
ക്ലാസ്കോടെറോൺ (clascoterone) അടുത്ത വർഷം എഫ്‌ഡിഎ അംഗീകാരം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ പുരുഷന്മാരിലെ കഷണ്ടിക്ക് ചികിത്സ നൽകുന്ന 30 വർഷത്തിനിടയിലെ ആദ്യത്തെ മരുന്നായി ക്ലാസ്കോടെറോൺ മാറും. ഇതേ മരുന്ന് മുഖക്കുരുവിനുള്ള മരുന്നായി ഉപയോഗിക്കുന്നതിന് 2020-ൽ എഫ്‌ഡിഎ അംഗീകാരം ലഭിച്ചിരുന്നു.