'വിശന്നു കഴിഞ്ഞാല്‍ പിന്നെ കയ്യില്‍ കിട്ടുന്നതെന്തും കഴിക്കും' ഇത് അന്വർത്ഥമാക്കുന്നതാണ് ഫ്രാൻസിലെ പോംപിഡു-മെറ്റ്സ് മ്യൂസിയത്തിൽ നടന്ന സംഭവം. ഇറ്റാലിയൻ കലാകാരനായ മൗറീസിയോ കാറ്റലാന്റെ കോടികൾ വിലമതിക്കുന്ന 'കൊമീഡിയൻ' എന്ന കലാസൃഷ്ടിയാണ് ഒരു സന്ദർശകൻ വിശപ്പ് സഹിക്കാനാവാതെ കഴിച്ചത്. ചുവരിൽ ചാരനിറമുള്ള ടേപ്പ് കൊണ്ട് ഒട്ടിച്ചുവച്ച ഒരു സാധാരണ വാഴപ്പഴമായിരുന്നു ഈ കലാസൃഷ്ടി.
ഈ മാസം 12-നാണ് സംഭവം. മ്യൂസിയത്തിലെത്തിയ ഒരു കലാസ്വാദകൻ, തനിക്ക് മുന്നിൽ ചുവരിൽ ഒട്ടിച്ചുവെച്ച പഴം കണ്ടപ്പോൾ കോടികളുടെ മൂല്യമുള്ള കലാസൃഷ്ടിയാണെന്ന് ചിന്തിക്കാതെ അത് കഴിക്കുകയായിരുന്നു. അദ്ദേഹത്തിന് വലുത് വിശപ്പായിരുന്നുവെന്ന് വ്യക്തം.
ഒരാൾ കഴിച്ചാൽ നശിച്ചുപോകില്ല എന്നതാണ് ഈ സൃഷ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. പഴം ചീത്തയാകുമ്പോഴോ അല്ലെങ്കിൽ അതിനുള്ള സമയം ആകുമ്പോഴോ സാധാരണയായി പഴം മാറ്റി സ്ഥാപിക്കാറുണ്ട്. കലാകാരന്റെ നിർദ്ദേശപ്രകാരം പഴം പതിവായി മാറ്റുന്നതുകൊണ്ട് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇത് പുനഃസ്ഥാപിക്കാൻ മ്യൂസിയം അധികൃതർക്ക് സാധിച്ചു.
ഇത് ആദ്യമായല്ല ഈ കലാസൃഷ്ടി ഒരാൾ കഴിക്കുന്നത്. കഴിഞ്ഞ വർഷം ന്യൂയോർക്കിൽ നടന്ന ഒരു പ്രദർശനത്തിൽ 62 ലക്ഷം ഡോളറിനാണ് ഒരു വ്യക്തി 'കൊമീഡിയൻ' വാങ്ങി കഴിച്ചത്. 2019-ൽ ആദ്യമായി പ്രദർശിപ്പിച്ചതുമുതൽ ഈ സൃഷ്ടിയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളുണ്ട്. എന്നാൽ ഈ പ്രദർശനത്തിൽ ഏകദേശം 98 ലക്ഷം രൂപയ്ക്കാണ് ഇത് വിറ്റുപോയത്. മാത്രമല്ല മുമ്പും ഇത്തരത്തില്‍ പഴം പലരും കഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കലയുടെ കമ്പോള സ്വഭാവത്തെക്കുറിച്ചുള്ള ഒരു വിമർശനമായാണ് കാറ്റലാൻ ഈ "കൊമീഡിയൻ" എന്ന സൃഷ്ടി ഉണ്ടാക്കിയത്.