വരുംതലമുറയ്ക്കായി കാര്‍ഷിക വിജ്ഞാനകോശം തുറന്നിട്ട് കണ്ണൂര്‍ പയ്യന്നൂരിലെ റിട്ട. അധ്യാപകന്‍ മുരളി. "കതിരകം" എന്ന മ്യൂസിയമാണ് മണ്ണറിവിന്‍റെ പുതിയ കേന്ദ്രമാകുന്നത്.
മുരളിമാഷ് മണ്ണിന്‍റെ തോഴനാണ്. കൃഷിയുടെ കൂട്ടിരിപ്പുകാരനാണ്. വിരമിച്ച് വിശ്രമജീവിതമല്ല മാഷിന്. മണ്ണറിവിന്‍റെ വിദ്യാലയത്തില്‍ മാഷിപ്പോഴും അറിവ് പകരുകയാണ്. വീടിനോട് ചേര്‍ന്ന് മുരളിമാഷൊരു മ്യൂസിയമൊരുക്കി. പേരിട്ടു "കതിരകം"... കാര്‍ഷിക വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും മാഷിന്‍റെ കതിരകം കൗതുകമുള്ള പാഠശാല.
കൃഷിരീതി നൂതനമായ കാലത്ത് പഴയകാല ഉപകരണങ്ങളും, കൃഷിരീതികളും നെഞ്ചോടു ചേര്‍ക്കുകയാണ് മണ്ണിനെ സ്നേഹിച്ച ഈ മനുഷ്യന്‍. മാഷിന്‍റെ മ്യൂസിയത്തിലുള്ളത് മുന്നൂറിലേറെ അപൂര്‍വ നെല്‍വിത്തുകള്‍. അതില്‍ പൊന്നാര്യന്‍ മുതല്‍ അമ്പാസമുദ്രം വരെയുള്ളതും കേട്ടറിവു മാത്രമുള്ള മറ്റുള്ളവയും.. നൂറിലേറെ വിത്തുകള്‍ അദ്ദേഹം തന്നെ വിളയിച്ചെടുക്കുന്നവയാണ്. നൂറുകണക്കിന് പേരെത്തുന്ന ഇടമായി മാറി കതിരകം. അവിടെ മാഷ് പുതിയ തലമുറയെ മണ്ണിലേക്ക് വഴികാട്ടുന്നു. മണ്ണ് ചതിക്കില്ലെന്ന പാഠം പകരുന്നു.