എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
യുഎസില്‍ എംആര്‍ഐ സ്കാന്‍ ഉള്ളിലേക്ക് വലിച്ചെടുത്ത 61 കാരന്‍ മരിച്ചു. ന്യൂയോർക്കിലെ നാസാവു ഓപ്പൺ എംആർഐയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ലോഹമാല ധരിച്ച്, അനുവാദമില്ലാതെ എംആര്‍ഐ സ്കാന്‍ നടക്കുന്ന മുറിയില്‍ പ്രവേശിച്ച ഇയാളെ മെഷീന്‍ അതിനുള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഇയാളുടെ മരണം എബിസി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാസാവു കൗണ്ടി പൊലീസ് പറയുന്നതനുസരിച്ച്, സ്കാനിങിനിടെ അനുമതിയില്ലാതെയാണ് ഇയാള്‍ എംആര്‍ഐ മുറിയില്‍ പ്രവേശിക്കുന്നത്. കഴുത്തില്‍ വലിയൊരു ലോഹമാലയും ധരിച്ചിരുന്നു. പിന്നാലെ മെഷീനിന്റെ ശക്തമായ കാന്തിക ശക്തി ഇയാളെ അതിനുള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. എമര്‍ജന്‍സി നമ്പറില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയാണ് ഇയാളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആശുപത്രിയില്‍ പ്രവേശിച്ചത്. പിറ്റേന്ന് ഉച്ചയ്ക്ക് ഇയാള്‍ മരിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. സ്കാനിങ് നടക്കുന്നതിനിടെ എങ്ങിനെ മെഡിക്കൽ സ്യൂട്ടിലേക്ക് ഇയാള്‍ക്ക് പ്രവേശനം ലഭിച്ചുവെന്ന് വ്യക്തമല്ല.
ആന്തരികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും മനസിലാക്കാനുള്ള സ്‌കാനിങ് രീതിയാണ് മാഗ്നറ്റിക് റെസണന്‍സ് ഇമേജിങ് അഥവാ എംആര്‍ഐ. ശക്തമായ കാന്തങ്ങൾ ഉപയോഗിച്ച് ശക്തമായ ഒരു കാന്തികക്ഷേത്രം സൃഷ്ടിച്ചാണ് എംആര്‍ഐ മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. ഈ കാന്തികശക്തി യന്ത്രത്തിനപ്പുറത്തേക്ക് വ്യാപിക്കുകയും ചുറ്റുമുള്ള ലോഹവസ്തുക്കളില്‍ പ്രയോഗിക്കപ്പെടുകയും ചെയ്യും. അതിനാല്‍ ശരീരത്തിലെ എല്ലാ ലോഹ വസ്തുക്കളും ആഭരണങ്ങളും നീക്കം ചെയ്ത് ഇംപ്ലാന്റുകളുണ്ടെങ്കില്‍ അവയെക്കുറിച്ച് ടെക്നീഷ്യന്മാരെ അറിയിച്ചതിനുശേഷമായിരിക്കും രോഗികളെ സ്കാന്‍ ചെയ്യുന്നത്. തീര്‍ത്തും സുരക്ഷിതമായ കാന്തികവലയത്തില്‍ നടക്കുന്ന എംആര്‍ഐ സ്കാനിങ്ങില്‍, ഹാനികരമായി ഒന്നും ഇല്ല.
എംആര്‍ഐ മെഷീനുകള്‍ കാരണമുള്ള ഇത്തരത്തിലുള്ള അപകടങ്ങള്‍ അപൂർവമാണെങ്കിലും ഇതിനുമുമ്പും സംഭവിച്ചിട്ടുണ്ട്. 2001ൽ സ്കാനിങിനിടെ ഓക്സിജൻ ടാങ്കുമായി മുറിയില്‍ പ്രവേശിച്ചിട്ടുണ്ടായിരുന്ന അപകടത്തില്‍ ആറ് വയസ്സുള്ള ഒരു ആൺകുട്ടി മരിച്ചിരുന്നു. 2018 ൽ ഇന്ത്യയിലും ഓക്സിജൻ സിലിണ്ടർ വഹിച്ചുകൊണ്ട് എംആർഐ മുറിയിൽ പ്രവേശിച്ചതിനെ തുടർന്ന് ഒരാൾ മരിച്ചിരുന്നു. കഴിഞ്ഞ വർഷം, കലിഫോർണിയയില്‍ എംആർഐ മെഷീനും ആശുപത്രി കിടക്കയ്ക്കും ഇടയിൽ കുടുങ്ങി ഒരു നഴ്‌സിനും ഗുരുതരമായി പരുക്ക് പറ്റിയിരുന്നു.