gaza-israel-airstrike

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരില്‍ കുടിവെള്ളം കാത്ത് നിന്ന കുഞ്ഞുങ്ങളും. കുപ്പികളില്‍ വെള്ളം നിറയ്ക്കുന്നതിനായി വരിനിന്ന കുഞ്ഞുങ്ങള്‍ക്ക് മേലാണ് ഇസ്രയേല്‍ സൈന്യം തൊടുത്ത മിസൈല്‍ പതിച്ചത്. ആറു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ പത്തുപേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഏഴുപേരും കുട്ടികളാണ്. മധ്യ പലസ്തീനിലെ അന്‍ നസ്രേത്ത് അഭയാര്‍ഥി ക്യാംപിലാണ് ദാരുണ സംഭവമുണ്ടായത്. ‌

idf-airstrike

കുടിവെള്ള ടാങ്കര്‍ എത്തിയതിന് പിന്നാലെ വെള്ളം ശേഖരിക്കുന്നതിനായി 20 കുട്ടികളും 14 മുതിര്‍ന്നവരും വരിവരിയായി കാത്തു നിന്നുവെന്ന് ദൃക്സാക്ഷിയായ റമദാന്‍ നസര്‍ അസോസിയേറ്റഡ് പ്രസിനോട് വെളിപ്പെടുത്തി. ഇവര്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സാങ്കേതിക പിഴവ് സംഭവിച്ചതാണെന്ന് ഇസ്രയേല്‍ സൈന്യം വിശദീകരിച്ചു. ഇസ്​ലാമിക തീവ്രവാദികള്‍ക്ക് നേരെ നടത്തിയ ആക്രമണമായിരുന്നുവെന്നും എന്നാല്‍ ലക്ഷ്യം പിഴച്ചു പോയെന്നുമാണ് വിശദീകരണം. സംഭവം വിശദമായി വിലയിരുത്തുകയാണെന്നും സൈന്യം അറിയിച്ചു. ഗാസയില്‍ ഭീകരര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കിടെ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൗരന്‍മാര്‍ക്ക് ജീവഹാനി വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്നും ഐഡിഎഫ് വക്താവ് കൂട്ടിച്ചേര്‍ത്തു. 

ഞായറാഴ്ച ഗാസയിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍19 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതീവ ഗുരുതരമാണ് ഗാസയിലെ സ്ഥിതിയെന്നും എത്രയും വേഗം വെടിനിര്‍ത്തലില്‍ എത്തിച്ചേരുകയാണ് വേണ്ടതെന്ന് റെഡ് ക്രോസും വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയില്‍ ഇസ്രയേല്‍–ഹമാസ് വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നുവെങ്കിലും ഇരുപക്ഷവും തമ്മില്‍ ധാരണയിലെത്തിച്ചേരാതിരുന്നതോടെ വെടിനിര്‍ത്തല്‍ നടപ്പിലാകാതെ വരികയായിരുന്നു.

ENGLISH SUMMARY:

A horrific Israeli airstrike in Gaza's Al-Nuseirat refugee camp killed 6 children and 4 adults waiting for water, injuring 16 others. Witnesses described a drone attack on kids queuing at a water tanker, while the Israeli military admitted a "technical error."