Picture Credit @cobbpolicedept
രണ്ട് കുഞ്ഞുമക്കളെ കാറിലെ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിപ്പിച്ച് ഇരുത്തിയതിനു ശേഷം കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനായി പോയി അച്ഛന്‍. കൊടും ചൂടത്ത് നിര്‍ത്തിയിരുന്ന വാഹനത്തിലിരുന്ന് വീര്‍പ്പുമുട്ടിയ കുഞ്ഞുങ്ങള്‍ ഉറക്കെ കരഞ്ഞതോടെ ആളുകള്‍ കൂടി. ഇവര്‍ കാറിന്‍റെ ചില്ല് തകര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഇതോടെ പൊലീസില്‍ വിവരം അറിയിച്ചു.
സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. ജോര്‍ജിയയിലാണ് സംഭവം നടന്നടത്. കോബ് കൗണ്ടി പൊലീസ് ഇതിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. പൊലീസിന് വിവരം ലഭിക്കുന്നത് മുതല്‍ സംഭവസ്ഥലത്തെത്തി കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്നത് വരെയുള്ള കാര്യങ്ങള്‍ വിഡിയോയിലുണ്ട്. പൊലീസെത്തുമ്പോള്‍ നാലഞ്ചാളുകള്‍ കാറിനടുത്ത് നില്‍ക്കുന്നത് കാണാം. കുഞ്ഞുങ്ങള്‍ കരയുന്നതും കേള്‍ക്കാം.
ഞങ്ങള്‍ കാറിന്‍റെ ചില്ല് തകര്‍ത്ത് കുഞ്ഞുങ്ങളെ പുറത്തെടുക്കാന്‍ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല എന്ന് കൂടിനിന്നവര്‍ പറയുന്നുണ്ട്. പൊലീസ് കാറിന്‍റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ത്ത് കുഞ്ഞുങ്ങളെ രണ്ടുപേരെയും സുരക്ഷിതരായി പുറത്തെടുത്തു. ‘സാരമില്ല കരയേണ്ട’ എന്നുപറഞ്ഞ് തോളത്ത് കെട്ടിപ്പിടിച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ പൊലീസുകാര്‍ ആശ്വസിപ്പിക്കുന്നതും കാണാം. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമായിരുന്നു കാറിനുള്ളിലുണ്ടായിരുന്നത്. ഇവരുടെ അച്ഛനെതിരെ കുട്ടികളോടുള്ള ക്രൂരതയ്ക്ക് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
കൃത്യസമയത്ത് സംഭവം വിളിച്ചറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കോബ് കൗണ്ടി പൊലീസ് വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. 117 ഡിഗ്രി ചൂടായിരുന്നു കാറിനുള്ളില്‍ അനുഭവപ്പെട്ടതെന്നാണ് പൊലീസ് വിഡിയോയില്‍ ചൂണ്ടിക്കാട്ടുന്നത്. പെട്ടെന്നുതന്നെ അവിടെ എത്തിയില്ലായിരുന്നുവെങ്കില്‍ കുഞ്ഞുങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നുവെന്ന് വ്യക്തമാണ്. കുഞ്ഞുങ്ങളെ കാറിനുള്ളിലിട്ട് പോയ അച്ഛനെ അതേ കാറില്‍ കുഞ്ഞുങ്ങള്‍ അനുഭവിച്ച ചൂടില്‍ ഇരുത്തണമെന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. കുഞ്ഞുമക്കളോട് എന്തിനാണ് ഈ ക്രൂരതയെന്നാണ് മിക്കവരും ചോദ്യം ഉന്നയിക്കുന്നത്.