ഗാസാ മുനമ്പിലെ 80 ശതമാനം നിയന്ത്രണവും നഷ്ടമായെന്ന് ഹമാസിന്‍റെ മുതിര്‍ന്ന പ്രതിരോധ ഓഫീസര്‍. ഹമാസിന് പകരം മേഖലയില്‍ ആയുധധാരികളായ സാധാരണക്കാരുടെ സംഘങ്ങള്‍ ഈ പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തെന്നും ഓഫീസര്‍ പറഞ്ഞതായി ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ ഇസ്രയേല്‍ ആക്രമണം ഹമാസിന്‍റെ രാഷ്ട്രീയ, സൈനിക നേതൃത്വത്തില്‍ കാര്യമായ പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നും ഹമാസിന്‍റെ ലഫ്റ്റനന്‍റ് കേണല്‍ കൂടിയായ ഓഫീസര്‍ പ്രതികരിച്ചു.
2023 ഒക്ടോബര്‍ 7ല്‍ ഹമാസിന്‍റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തിന്‍റെ മുന്‍നിരയില്‍ പോരാടിയ ആളായിരുന്നു ഈ ഓഫീസര്‍. എന്നാല്‍ ഇസ്രയേല്‍ തിരിച്ചടിച്ചപ്പോള്‍ ഗുരുതരമായ പരുക്കേറ്റ ഇയാള്‍ അന്ന് തൊട്ട് വിശ്രമത്തിലാണ്. ബിബിസിയുമായി നിരന്തരം ശബ്ദസന്ദേശത്തില്‍ ഏര്‍പ്പെട്ടിരുന്ന ഓഫീസറിന്‍റെ പേരും മറ്റ് വിവരങ്ങളും അജ്ഞാതമാണ്.
തന്‍റെ സന്ദേശത്തില്‍ ഹമാസില്‍ ആഭ്യന്തര തകര്‍ച്ചയുണ്ടായെന്നും ഗാസയില്‍ ഹമാസിന്‍റെ ശക്തി ഏറെക്കുറെ ക്ഷയിച്ചെന്നും ഓഫീസര്‍ വ്യക്തമാക്കി. ഗാസയുടെ സുരക്ഷയ്ക്കായി ഹമാസിന്‍റെ വലിയൊരു ശതമാനവും പോരാടി. 95 ശതമാനം ഹമാസ് നേതൃത്വവും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എല്ലാ പ്രമുഖ നേതാക്കളും മരിച്ചു. എന്നിട്ടും ഇസ്രയേല്‍ ആക്രമണം നടത്തുന്നത് എന്തിനാണെന്ന് വ്യക്തമാവുന്നില്ലെന്നും ഓഫീസര്‍ പ്രതികരിച്ചു.
പലസ്തീന്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പലയിടത്തും ക്രിമിനല്‍ ഗ്യാങ്ങുകള്‍ ഉയരുന്നുണ്ട്. സഹായവുമായി എത്തേണ്ട അറബ് രാജ്യങ്ങളും ലോകവും നിശബ്ദരാണ്. ഇസ്രയേലിന് തന്നെയാണ് യുദ്ധത്തില്‍ മുന്‍തൂക്കം എന്നും ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു. ഹമാസിന് നിലവില്‍ ഒരു സൈന്യമില്ല, ഗറില്ലാ യുദ്ധരീതികള്‍ ആണ് നിലവില്‍ ഹമാസ് പിന്തുടരുന്നത് എന്ന് കഴിഞ്ഞ സെപ്തംബറില്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രി അവകാശപ്പെട്ടതിന് അടിവരയിടുന്നതാണ് നിലവില്‍ ഓഫീസറുടെ വെളിപ്പെടുത്തല്‍.
ഈ വര്‍ഷം തുടക്കത്തില്‍ 57 ദിവസം നീണ്ടുനിന്ന വെടിനിര്‍ത്തലിനിടെ ഹമാസ് വീണ്ടും സംയോജിച്ച് തങ്ങളുടെ രാഷ്രീയ, സൈനിക, പ്രതിരോധ ശക്തി പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ കരാല്‍ ലംഘിച്ച ഇസ്രയേല്‍ ആക്രമിച്ചത് ഹമാസിന്‍റെ നേതൃനിരയെത്തന്നെയായിരുന്നു. ഇതോടെ ഹമാസിന്‍റെ പുനഃസ്ഥാപനം താറുമാറായി. ഇതോടെ ഗാസയില്‍ ഹമാസിന്‍റെ ശക്തി ഏറെക്കുറെ ക്ഷയിച്ച മട്ടാണ്. ഗസയില്‍ പൊലീസ് പ്രവര്‍ത്തനം കൂടി നടത്തിയിരുന്ന ഹമാസിന് യുദ്ധപശ്ചാതലത്തില്‍ ഗാസയക്കകത്തുള്ള പ്രശ്നങ്ങള്‍ തന്നെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. ഹമാസിന്‍റെ താവളമായിരുന്ന അന്‍സാര്‍ കോപ്ലെക്സ് സാധാരണക്കാര്‍ കൊള്ളയടിച്ചു. ഈ കോംപ്ലെക്സില്‍ നിന്നായിരുന്നു ഹമാസ് ഗാസ ഭരിച്ചിരുന്നത്. സാധാരണക്കാര്‍ കിടക്കയും മുറി ചൂടാക്കുന്നതിനായുള്ള സിങ്ക് പാനലുകളുമടക്കം എടുത്തുകൊണ്ടുപോയി. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ പോലുമുള്ള ശക്തി ഹമാസിനുണ്ടായിരുന്നില്ലെന്നും ഓഫീസര്‍ പറഞ്ഞു.
ഹമാസിന്‍റെ തകര്‍ച്ച ഗാസയില്‍ ഗ്യാങ്ങുകള്‍ വളരുന്നതിന് കാരണമായെന്നും ഓഫീസര്‍ പറയുന്നു. തുടക്കത്തില്‍ മോഷ്ടാക്കളായിരുന്ന ഇവര്‍ പിന്നീട് ഹമാസില്‍ നിന്നും ആയുധം മോഷ്ടിക്കുകയും, ഈ ആയുധങ്ങള്‍ ഉപയോഗിച്ച് ഗ്യാങ്ങുകളായി വളരുകയുമായിരുന്നു. ഇത്തരം ഗ്യാങ്ങുകള്‍ക്കെതിരെ പ്രതിരോധിച്ചിരുന്നവരെ ഇസ്രയേല്‍ തിരഞ്ഞുപിടിച്ച് കൊന്നെന്നും ഓഫീസര്‍ ആരോപിക്കുന്നു.
ഉയര്‍ന്നുവന്ന പല ഗ്യാങ്ങുകളും ഹമാസിനെ ശത്രുക്കളായാണ് കരുതുന്നത്. ഇത്തരത്തില്‍ ഒരു ഗ്യാങ് നേതാവായ യാസര്‍ അബു ഷബാബിന് ഇസ്രയേല്‍ തന്നെ ആയുധങ്ങള്‍ എത്തിച്ചുനല്‍കുന്നുണ്ടെന്നും ഓഫീസര്‍ പറഞ്ഞു. ഹമാസിനെ പലസ്തീനകത്ത് വച്ച് തന്നെ തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണ് പല ഗ്യാങ്ങുകളും. യാസര്‍ അബു ഷബാബിന്‍റെ തലയ്ക്ക് ഹമാസ് വിലയിട്ടിട്ടുണ്ട്. പലരും ഇസ്രായേലിക്കാള്‍ വലിയ ശത്രുക്കളായി കരുതുന്നത് അബു ഷബാബിനെയാണെന്നും ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു. അബു ഷബാബ് പല ഗ്യാങ്ങുകളെയും ഒന്നിച്ച് ചേര്‍ത്ത് ഹമാസിനെ തകര്‍ക്കാനുള്ള ശ്രമത്തിലാണ്. ഹമാസിന് ഭീഷണി പുറത്തുള്ള ഇസ്രയേലിനേക്കാള്‍ ഇത്തരം ഗ്യാങ്ങുകളാണ് എന്നും ഓഫീസര്‍ വ്യക്തമാക്കി.