വിമാനയാത്രയ്ക്കിടെ സഹയാത്രികനെ ആക്രമിച്ച കേസിൽ അമേരിക്കയില്‍ ഇന്ത്യൻ വംശജന്‍ അറസ്റ്റില്‍. ജൂൺ 30 ന് ഫിലാഡൽഫിയയിൽ നിന്ന് മിയാമിയിലേക്ക് പുറപ്പെട്ട ഫ്രോണ്ടിയർ എയർലൈൻസിന്‍റെ വിമാനത്തിൽ വെച്ചായിരുന്നു സംഭവം. അമേരിക്കയിലെ ന്യൂവാർക്കില്‍ താമസിക്കുന്ന 21കാരനായ ഇഷാൻ ശർമ്മയും കീനു ഇവാൻസും തമ്മിലുണ്ടായ വഴക്കാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്. ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടന്നതെന്നും ഇഷാന്‍ സീറ്റിലേക്ക് മടങ്ങുന്നതിനിടെ തന്റെ അടുത്തേക്ക് വന്ന് കഴുത്തിൽ പിടിച്ചുവെന്നുമാണ് ഇവാൻസ് പൊലീസിനോട് പറഞ്ഞത്.
ഇരുവരും ആക്രമിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ശർമ്മയും ഇവാൻസും പരസ്പരം കഴുത്തിൽ പിടിക്കാൻ ശ്രമിക്കുന്നതും സഹയാത്രികർ നിർത്താൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇഷാന്‍ ശര്‍മ്മയേക്കാള്‍ ഒരു സീറ്റ് മുന്നിലായിരുന്നു താന്‍ ഇരുന്നതെന്നും ഇഷാന്‍ അട്ടഹസിക്കുകയും നീ എന്നെ വെല്ലുവിളിച്ചാൽ അത് നിന്‍റെ മരണമായിരിക്കും എന്നെല്ലാം പറഞ്ഞതായി കീനു ഇവാന്ഡസ് 7 ന്യൂസിനോട് പറഞ്ഞു. തുടർന്ന് താൻ ശുചിമുറിയിലേക്ക് പോകുന്നേരം ഇക്കാര്യം ഫ്ലൈറ്റ് അറ്റൻഡന്റുമാരെ അറിയിച്ചും. അവര്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ സഹായ ബട്ടൺ അമർത്താൻ അവർ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഇഷാന്‍ തന്നെ കൊല്ലുമെന്നുള്ള ഭീഷണികള്‍ തുടര്‍ന്നപ്പോളാണ് താന്‍ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തിയതെന്ന് ഇവാന്‍സ് പറഞ്ഞു. പിന്നാലെ സ്ഥിതിഗതികൾ വഷളായി. അയാൾ എന്നെ വളരെ ദേഷ്യത്തോടെ നോക്കുകയായിരുന്നു, എന്‍റെ തൊണ്ടയിൽ പിടിച്ചു ശ്വാസം മുട്ടിക്കാൻ ശ്രമിച്ചു. ഒരു വിമാനത്തിലെ പരിമിത സ്ഥലത്താണ് ഇത് നടക്കുന്നത്. എനിക്ക് ചെയ്യാൻ കഴിയുന്നത് പ്രതിരോധിക്കുക മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ലാൻഡിങ്ങിന് തൊട്ടുപിന്നാലെ ഇഷാന്‍ ശർമ്മയെ കസ്റ്റഡിയിലെടുത്തു. അതേസമയം ഇഷാന്‍ ധ്യാനിക്കുകയായിരുന്നെന്നും ഇത് കീനു ഇവാന്‍സ് ഒരു ഭീഷണിയായി കാണുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ഡെയ്‌ലി മെയിലിനോട് പറഞ്ഞു.