സിറിയക്കെതിരായ സാമ്പത്തിക, വ്യപാര ഉപരോധങ്ങള്‍ പിന്‍വലിക്കുന്ന ഉത്തരവില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇതോടെ ആഭ്യന്തരകലഹങ്ങളില്‍ സാമ്പത്തികമായി തച്ചുടയ്ക്കപ്പെട്ട സിറിയയ്ക്ക് രാജ്യാന്തര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് വഴിയൊരുങ്ങും.
13 വര്‍ഷം നീണ്ട ആഭ്യന്തരകലഹങ്ങളില്‍ തകര്‍ന്ന് തരിപ്പണമായ സിറിയയ്ക്ക് രക്ഷാമാര്‍ഗമൊരുക്കുന്നതാണ് യുഎസ് നീക്കം. ഒരുകോടി ഡോളര്‍ യുഎസ് തലയ്ക്ക് വിലയിട്ടിരുന്ന അഹ്മദ് അല്‍ ഷരാ സിറിയ ഭരിക്കുമ്പോഴാണ് ഈ നീക്കം എന്നതാണ് വൈരുധ്യം. അല്‍ ഖ്വായിദയുടെ സിറിയ ഘടകത്തില്‍ അംഗമായിരുന്ന ഷര,,, തീവ്രനിലപാടുകള്‍ ഉപേക്ഷിച്ച് മിതവാ ദിയുടെ കുപ്പായം അണിഞ്ഞതും, അല്‍ അസദിനെ അട്ടിമറിച്ച് അധികാരം പിടിക്കുകയും ചെയ്തതോടെയാണ് യുഎസിന്‍റെ നയംമാറ്റത്തിന് പിന്നില്‍. ട്രംപും ഷരായും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് സൗദി മധ്യസ്ഥലം വഹിക്കുകയും ചെയ്തു. ദീര്‍ഘകാലം നീണ്ട ഉപരോധങ്ങളില്‍ സിറിയയുടെ കയറ്റുമതിയും ഇറക്കുമതിയും ഏറെക്കുറെ നിലച്ചിരുന്നു.
രാജ്യാന്തര ബാങ്കിങ് സമ്പ്രദായത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നതിനാല്‍ , സിറിയയെ സഹായിക്കാന്‍ ആഗ്രഹിച്ചിരുന്ന അറബ് രാജ്യങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കാനായില്ല. ഉപരോധങ്ങളില്‍പ്പെട്ട് ജനം വലയുമ്പോഴാണ് 2023 ല്‍ ഇരട്ടി പ്രഹരമായി ഭൂകമ്പം കൂടിയെത്തുന്നത്. യുദ്ധവും ഭൂകമ്പവുമുണ്ടാക്കിയ അതിദുരിതങ്ങളില്‍ നിന്നുളള രക്ഷകൂടിയാകും ഉപരോധം നീക്കാനുള്ള യുഎസ് നടപടി. ഇനി വിദേശ നിക്ഷേപമടക്കം സാമ്പത്തിക സഹായങ്ങൾ ലഭിക്കും. രാജ്യാന്തര വ്യാപാര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും വഴിയൊരുങ്ങും. എണ്ണയില്‍ നിക്ഷേപിക്കാന്‍ ഷരാ അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ചിട്ടുണ്ട്. ട്രംപിന്‍റെ ഉന്നം ഈ എണ്ണവ്യാപാരമാണെന്നും ആക്ഷേപമുണ്ട്.